കോവിഡിന് മുമ്പ് നിര്‍ത്തിയിരുന്ന പല ട്രെയിനുകളും നിര്‍ത്താതായതോടെ വരുമാനവും കുറഞ്ഞു, യാത്രക്കാരും കുറഞ്ഞു; ചേമഞ്ചേരിയും വെള്ളറക്കാടുമടക്കമുളള സ്‌റ്റേഷനുകള്‍ റെയില്‍വേയുടെ അവഗണനയില്‍ അടച്ചുപൂട്ടലിന്റെ വക്കില്‍


കൊയിലാണ്ടി: കോവിഡിനുശേഷം ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നിര്‍ത്തുന്ന തീവണ്ടികളുടെ എണ്ണം റെയില്‍വേ വെട്ടിക്കുറച്ചതോടെ ചേമഞ്ചേരിയും വെള്ളറക്കാടുമുള്‍പ്പെടെ ജില്ലയിലെ ആറ് ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷനുകളില്‍ വരുമാനത്തില്‍ വന്‍ ഇടിവ്. നിര്‍ത്തുന്ന ട്രെയിനുകളുടെ എണ്ണം കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തില്‍ 60% കുറവുണ്ടായി. ഇതോടെയാണ് വരുമാനവും പകുതിയോളം കുറഞ്ഞത്.

വെള്ളയില്‍, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങല്‍, നാദാപുരം റോഡ്, മുക്കാളി സ്‌റ്റേഷനുകളാണ് റെയില്‍വേയുടെ അവഗണനയില്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നത്. കോവിഡിന് മുമ്പ് ഈ സ്റ്റേഷനുകള്‍ 3,80982 യാത്രക്കാര്‍ക്ക് ആശ്രയമായിരുന്നു. എന്നാല്‍ 2023-24 വര്‍ഷം 1,56007 യാത്രക്കാരാണ് ഈ സ്റ്റേഷനുകളെ ആശ്രയിച്ചത്. അതായത് 2.24ലക്ഷം യാത്രക്കാര്‍ കുറഞ്ഞു.

2018-2019 വര്‍ഷം ഈ സ്റ്റേഷനുകളിലെ മൊത്തം വരുമാനം 46.71 ലക്ഷം രൂപയായിരുന്നു. 2023-2024-ല്‍ ഇത് 24.71 ലക്ഷം രൂപയായി കുറഞ്ഞു. കുറവ് 47 ശതമാനത്തോളം. കോവിഡിന് മുമ്പ് നിര്‍ത്തിയിരുന്ന പല ട്രെയിനുകളും ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നിര്‍ത്താതായതാണ് വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഇടിവിന് കാരണം. കോവിഡിനുമുന്‍പ് ഇരുഭാഗത്തേക്കുമായി 10 തീവണ്ടികള്‍ ഭൂരിഭാഗം ഹാള്‍ട്ട് സ്റ്റേഷനുകളിലും നിര്‍ത്തിയിരുന്നു. കോവിഡിനുശേഷം കുറെക്കാലം ഒരു വണ്ടിയും നിര്‍ത്തിയിരുന്നില്ല. ഇപ്പോള്‍ നിര്‍ത്തുന്നത് ഇരുവശത്തേക്കുമായി നാലു വണ്ടികള്‍മാത്രം.

കോവിഡിനുമുന്‍പേ ഈ സ്റ്റേഷനുകള്‍വഴി ദിവസം ശരാശരി ആയിരത്തോളംപേര്‍ യാത്രചെയ്തിരുന്നു. ഇപ്പോള്‍ ശരാശരി 420 പേരാണ് ഹാള്‍ട്ട് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് യാത്രചെയ്യുന്നത്. അന്നുണ്ടായിരുന്ന സ്റ്റോപ്പുകള്‍ ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ ദിവസം ശരാശരി 1500 പേരെങ്കിലും യാത്രചെയ്യേണ്ടതായിരുന്നു. പ്രത്യേകിച്ച് നിലവില്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത് കാരണം റോഡ് ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തില്‍ നിരവധി യാത്രക്കാര്‍ക്ക് ഈ സ്‌റ്റേഷനുകള്‍ ആശ്രയമാകേണ്ടതായിരുന്നു.

രാവിലെയും വൈകുന്നേരവുമാണ് പ്രതിദിന യാത്രക്കാരടക്കം നിരവധി പേര്‍ക്ക് ഹാള്‍ട്ട് സ്റ്റേഷനുകള്‍ ആശ്രയമാകേണ്ടത്. എന്നാല്‍ നിലവില്‍ ഈ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകളുള്ള ട്രെയിനുകള്‍ മിക്കതും യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന സമയത്തല്ല. ഇതും ഈ സ്റ്റേഷനുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയാന്‍ കാരണമായി.

വരുമാനത്തിലെ കുറവ് ചൂണ്ടിക്കാട്ടി ഈ സ്റ്റോപ്പുകളും നിര്‍ത്തി ഹാള്‍ട്ട് സ്റ്റേഷനുകള്‍ എന്നന്നേക്കുമായി നിര്‍ത്തലാക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. എന്നാല്‍ ആവശ്യത്തിന് ട്രെയിനുകള്‍ നിര്‍ത്താതെ എങ്ങനെ യാത്രക്കാരെത്തുമെന്നാണ് ചോദ്യമുയരുന്നത്.