ജനുവരി മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ആഘോഷം; ചേമഞ്ചേരി അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍ രജത ജൂബിലി ആഘോഷം ഔദ്യോഗിക ഉദ്ഘാടനം ഇന്ന്


ചേമഞ്ചേരി: ചേമഞ്ചേരി അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍ രജത ജൂബിലിയുടെ നിറവിലേക്ക്. ജനുവരി മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മാര്‍ച്ച് 1 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് അഭയം സ്‌പെഷല്‍ സ്‌കൂളില്‍ വെച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്യും.

കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ ശിവദാസ് ചേമഞ്ചേരി, കേരള ഫോക്ലോര്‍ അവാര്‍ഡ് നേടിയ തെയ്യം കലാകാരന്‍ കുഞ്ഞിം ബാലന്‍, ഓര്‍ഗാനിക് ഫാര്‍മേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജൈവ കൃഷി പ്രോത്സാഹനത്തിനുള്ള പുരസ്‌കാരം നല്‍കി ആദരിച്ച കെ.പി ഉണ്ണി ഗോപാലന്‍ മാസ്റ്റര്‍, ഗിരീഷ് പുത്തഞ്ചേരി സ്മാരക ജില്ലാതല കവിതാ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിനേഷ് ചേമഞ്ചേരി, പാരാ അത്‌ലറ്റിക് മീറ്റില്‍ 200 മീറ്റര്‍ ഓട്ട മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഭിന്നശേഷിക്കാരനായ കെ.കെ അശോകന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

മാര്‍ച്ച് 2 ന് നടക്കുന്ന രജതോത്സവം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാടക മത്സരത്തിലെ മികച്ച നടി കുമാരി ദല ആര്‍.എസ് ഉദ്ഘാടനം ചെയ്യും. രജത ജൂബിലിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ 25 ഫലവൃക്ഷ തൈ നടല്‍, ജില്ലാതല സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം, കിടപ്പു രോഗീ സംഗമം, സെമിനാറുകള്‍, പ്രവാസീ സംഗമം, ജൂബിലീ സ്മാരക കെട്ടിടോദ്ഘാടനം , സോവനീര്‍ പ്രകാശനം എന്നീ പരിപാടികളും നടക്കും.

പത്ര സമ്മേളനത്തില്‍ അഭയം പ്രസിഡണ്ട് എം.സി മമ്മദ് കോയ, ജനറല്‍ സെക്രട്ടറി മാടഞ്ചേരി സത്യനാഥന്‍, വൈസ് പ്രസിഡണ്ട് ബാലകൃഷ്ണന്‍ പൊറോളി, ട്രഷറര്‍ പി.പി അബ്ദുള്‍ ലത്തീഫ്, അഡ്മിനിസ്‌ടേഷന്‍ സെക്രട്ടറി കെ.പി ഉണ്ണി ഗോപാലന്‍ മാസ്റ്റര്‍ ക്ലാസ്സ് സെക്രട്ടറി ശശി കൊളോത്ത് എന്നിവര്‍ പങ്കെടുത്തു.