‘മുഴുവന്‍ ലോക്കyല്‍ ട്രെയിനുകളും നിര്‍ത്തണം’ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്റെ പ്രവര്‍ത്തനം പഴയപടിയാക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍
കൊയിലാണ്ടി: ക്വിറ്റിന്ത്യാ സമര സ്മാരകമായ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് താഴ് വീഴാനൊരുങ്ങുന്നു. കൊവിഡിനെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ നിര്‍ത്തലാക്കിയതടെയാണ് ചേമഞ്ചരി സ്‌റ്റേഷന്‍ നിള്ചലമായത്. നിലവില്‍ ഇവിടെ ഒരു ട്രെയിനും നിര്‍ത്താറില്ല. കോവിഡ് കേസകള്‍ കുറഞ്ഞതോടെ പല ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിച്ചതോടെ കുഞ്ഞു സ്‌റ്റേഷനുകള്‍ പോലും സജീവമായി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. എന്നാല്‍ ചേമഞ്ചേരി സ്റ്റേഷന്റെ പ്രവര്‍ത്തനത്തില്‍ മാത്രം മാറ്റം വരാതിരുന്നത് നിരവധി പേരെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. മുഴുവന്‍ ലോക്കല്‍ വണ്ടികളും നിര്‍ത്തി സ്റ്റേഷന്റെ പ്രവര്‍ത്തനം പഴയപടിയാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
എട്ട് ലോക്കല്‍ ട്രെയിനുകള്‍ നിര്‍ത്തിയിരുന്ന ഇവിടെ ഒരു ദിവസം 1500ഓളം യാത്രക്കാരുണ്ടായിരുന്നു. കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന സ്ഥിരം യാത്രക്കാരാണ് ഇവരില്‍ കൂടുതല്‍ പേരും. ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയതോടെ ബസുകളില്‍ തിക്കി തിരക്കി പോവേണ്ട അവസ്ഥയാണ്.
ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്ന ചെറിയ കെട്ടിടവും കാത്തിരിപ്പു കേന്ദ്രവും ഉള്‍പ്പെടുന്നതാണ് ചേമഞ്ചരി റെയില്‍വേ സ്റ്റേഷന്‍. ഇത് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. കൈതച്ചെടികളുടെ ഇടയിലേക്കാണ് ഇവിടെയെത്തുന്ന യാത്രക്കാര്‍ ഇറങ്ങുന്നത്. അതിനാല്‍ പ്ലാറ്റ്‌ഫോറം നീട്ടണമെന്നും മേല്‍ക്കൂരയും ലൈറ്റും മൂത്രപ്പുരയുമെല്ലാം നിര്‍മിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും നടപ്പായില്ല.
1991 മുതല്‍ മൂന്നു വര്‍ഷം ഇവിടെ വണ്ടികളൊന്നും നിര്‍ത്തിയിരുന്നില്ല. അന്ന് സ്റ്റേഷന്‍ ഒഴിവാക്കാനും നീക്കമുണ്ടായി. നാട്ടുകാരുടേയും യാത്രക്കാരുടേയും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് സ്റ്റേഷന്‍ വീണ്ടും സജീവമായത്. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി പഞ്ചായത്തുകളിലുള്ളവരാണ് പ്രധാനായും ഈ സ്റ്റേഷനെ യാത്രക്കായി ആശ്രയിക്കുന്നത്.
ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച് സ്റ്റേഷന്‍ വീണ്ടും സജീവമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. സ്റ്റേഷന്‍ നിലനിര്‍ത്തണമെന്നും മുഴുവന്‍ ലോക്കല്‍ വണ്ടികളും നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് സിപിഎം ചേമഞ്ചേരി ലോക്കല്‍ കമ്മിറ്റി പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.
[bot1]