ഹൈടെക് അങ്കണവാടികൾ, ഫലപ്രദമായ മാലിന്യസംസ്കരണം, നിരവധി ജനക്ഷേമ പദ്ധതികൾ; മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ചേമഞ്ചേരി പഞ്ചായത്തിന്


ചേമഞ്ചേരി: മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനം നേടിയാണ് ചേമഞ്ചേരി പഞ്ചായത്ത് സ്വരാജ് ട്രോഫി നേടിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ആണ് അവാർഡ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 19 ന് പാലക്കാട് വച്ച് നടക്കുന്ന തദ്ദേശ ദിനാഘോഷ പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും.

2021-22 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ചേമഞ്ചേരി പഞ്ചായത്തിന് അവാർഡ് ലഭിച്ചത്. കാർഷിക-മൃഗ സംരക്ഷണ മേഖലയിൽ ശ്രദ്ധേയമായ പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്.

കോവിഡ് കാലത്ത് തൊഴിൽ നഷ്ട്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികൾക്കായി നടപ്പിലാക്കിയ പ്രവാസി കൃഷി സംരംഭം ശ്രദ്ധേയമായിരുന്നു. വാഴ, കപ്പ, നിലക്കടല, മുത്താറി എന്നീ കൃഷികൾ നടപ്പിൽ വരുത്തി. മത്സ്യ മേഖലയിൽ മുറ്റത്തൊരു മീൻതോട്ടം പദ്ധതി നടപ്പിലാക്കി.

ഹൈടെക് നിലവാരത്തിലുള്ള അങ്കണവാടികൾ ആണ് പഞ്ചായത്തിൽ ഭൂരിഭാഗവും. സ്‌ത്രീ ക്ഷേമം ലക്ഷ്യം വെച്ച് പഞ്ചായത്ത്‌ തലത്തിലും വാർഡ് തലത്തിലും ജാഗ്രതാ സമിതികൾ ഫലപ്രദമായി പ്രവർത്തിക്കുന്നു. വയോജന സൗഹൃദ പഞ്ചായത്ത് ആയ ചേമഞ്ചേരിയിൽ വയോജനങ്ങൾക്ക് പകൽ വീടും പൊതു ഇടങ്ങളും പ്രവർത്തിക്കുന്നു. ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് പ്രത്യേക പരിചരണവും ഉപകരണ വിതരണവും നടത്തി.

മാലിന്യ സംസ്കരണത്തിലും മികച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടത്തിയത്. മാലിന്യം ശേഖരിക്കുന്നതിനായി ഹരിത കർമ്മ സേന ഫലപ്രദമായി പ്രവർത്തിക്കുന്നു. മാലിന്യം തരം തിരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി എം.സി.എഫ് പ്രവർത്തന ക്ഷമമായി.

പൂക്കാട് ദേശീയ പാതയോരത്ത് വഴിയോര വിശ്രമകേന്ദ്രം പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ട്. സ്കൂളുകൾക്ക് മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുമായും അക്കാദമിക നിലവാരം ഉയർത്തുന്നതിന് പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തു.

ആരോഗ്യ മേഖലയിൽ ആരോഗ്യ ഉപകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് മികച്ച പരിചരണമാണ് നൽകി വരുന്നത്. വാർഡ് തലത്തിൽ ആരോഗ്യ ശുചിത്വ സമിതി പ്രവർത്തിക്കുന്നുണ്ട്. ലഭ്യമായ വികസന ഫണ്ട് ജനറൽ, പട്ടികജാതി വിഭാഗം ഫണ്ട് എന്നിവയിൽ 100 ശതമാനം ചെലവഴിക്കുകയും നികുതി പിരിവ് 100 ശതമാനം പിരിച്ചെടുക്കുകയും ചെയ്താണ് പഞ്ചായത്ത് നേട്ടം കൈവരിച്ചത്.