ചേലിയ ടൗണ്‍ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിനും മൂന്നാം സ്ഥാനത്തുള്ള എല്‍.ഡി.എഫിനും വോട്ടുകൂടി; ബി.ജെ.പിക്ക് കുറഞ്ഞത് 34 വോട്ടുകള്‍


കൊയിലാണ്ടി: ചേലിയ ടൗണ്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച നേട്ടം. കഴിഞ്ഞ തവണത്തേക്കാള്‍ 112 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഷുക്കൂര്‍ വാര്‍ഡില്‍ വിജയിച്ചത്.

മൂന്നാം സ്ഥാനത്തുള്ള എല്‍.ഡി.എഫും വോട്ടുനില മെച്ചപ്പെടുത്തി. കഴിഞ്ഞതവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് 300 വോട്ടുകളായിരുന്നു ലഭിച്ചത്. എന്നാല്‍ ഇത്തവണ എല്‍.ഡി.എഫിനുവേണ്ടി മത്സരിച്ച അഡ്വ.പ്രശാന്ത് 65 വോട്ടുകള്‍ വര്‍ധിപ്പിച്ച് 365 ആയി നില മെച്ചപ്പെടുത്തി.

ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയ ഒരുവമ്മലിന് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 34 വോട്ടുകളാണ് കുറഞ്ഞത്. 464 വോട്ടുകളാണ് പ്രിയ ഒരുവമ്മല്‍ നേടിയത്. 2015-20 കാലയളവില്‍ ഈ വാര്‍ഡിലെ മെമ്പര്‍, ആശാവര്‍ക്കര്‍ എന്നിങ്ങനെ നാട്ടുകാര്‍ക്കിടയിലുണ്ടായ സുപരിചിതത്വം പ്രിയയുടെ വോട്ടുനിലയില്‍ വലിയ തോതില്‍ പ്രതിഫലിച്ചിട്ടില്ല.