കഥകളിയുടെ സമസ്ത മേഖലയിലും പരിശീലനം; ചേലിയ കഥകളി വിദ്യാലയത്തില്‍ കഥകളി പഠനശിബിരം തുടങ്ങി


കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയത്തില്‍ കഥകളി പഠനശിബിരം തുടങ്ങി. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 18 മുതല്‍ 30 വരെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങി കഥകളിയുടെ സമസ്ത മേഖലകള്‍ പഠനവിഷയമാവുന്ന ശിബിരത്തില്‍ ഓട്ടന്‍തുള്ളലിലും പരിശീലനം നല്‍കുന്നുണ്ട്.

പരിശീലനത്തോടൊപ്പം എല്ലാ ദിവസവും പ്രഗത്ഭര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സായാഹ്നങ്ങളും നടക്കും. കഥകളി വിദ്യാലയം പ്രസിഡന്റ് ഡോ:എന്‍.വി.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നാരായണന്‍ മുഖ്യപ്രഭാഷകനായിരുന്നു.

വിവിധ മേഖലകളില്‍ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ ശിവദാസ് ചേമഞ്ചേരി, വിജയരാഘവന്‍ ചേലിയ, കലാമണ്ഡലം ഷീബ കൃഷ്ണകുമാര്‍ എന്നിവരെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി.എം കോയ, വി.നാരായണന്‍, കഥകളി വിദ്യാലയം സെക്രട്ടറി സന്തോഷ് സദ്ഗമ, ജി.പ്രശോഭ് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ദിവസം കാലത്ത് മുതല്‍ ഷീബ കൃഷ്ണകുമാര്‍ നയിച്ച നൃത്ത പരിശീലന കളരി നടന്നു.