ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട്; ചെക്യാട്ട് ഇരുനില വീട് കത്തിനശിച്ചു, വീട്ടുടമയുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ വിലപ്പെട്ട രേഖകള്‍ അഗ്നിക്കിരയായി
ചെക്യാട്: ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ചെക്യാട്ട് ഇരുനില വീട് കത്തി നശിച്ചു. ഇന്ന് രാവിലെ 10:40നാണ് സംഭവം. ചെക്യാട് കോയംബ്ര പാലത്തിനടുത്ത് മേച്ചിക്കാട് ജാഫറിന്റെ ഇരുനില വീടിനാണ് തീപിടിച്ചത്.
തീപിടുത്തത്തില്‍ വീടിന്റെ മുകള്‍ നില പൂര്‍ണമായും കത്തിനശിച്ചു. വീടിനകത്തെ ഫര്‍ണിച്ചര്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ മുതലായവയും അഗ്‌നിക്കിരയായി. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച വിലപിടിച്ച രേഖകളും കൂടാതെ ഇന്ന് വിദേശത്ത് പോകാന്‍ തയ്യാറായി നില്‍ക്കുന്ന വീട്ടുകാരന്‍ ജാഫറിന്റെ പാസ്‌പോര്‍ട്ടും കത്തിയതായി ബന്ധുക്കള്‍ പറഞ്ഞു.
നാദാപുരത്തു നിന്നും അസിസ്റ്റന് സ്റ്റേഷന്‍ ഓഫീസര്‍ നന്ദകുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാസേന സംഭവ സ്ഥലത്തെത്തി തീ പൂര്‍ണ്ണമായും അണച്ചു. ഏകദേശം മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. ഒന്നരമണിക്കൂര്‍ സമയം പ്രയത്‌നിച്ചാണ് സേന തീ നിയന്ത്രണ വിധേയമാക്കിയത്.
summary: chekyat house burnt due to electric short circuit