”നടേരി ചാലോറ മല ഇല്ലാതാക്കുന്നത് ഗുരുതര പാരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും” ദേശീയപാത പ്രവൃത്തിയ്ക്കായി മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധവുമായി പ്രദേശവാസികള്‍


കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ക്കെന്ന പേരില്‍ നടേരി ചാലോറ മലയില്‍ നിന്നും വന്‍തോതില്‍ മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള ചാലോറ മലയിലെ അഞ്ചേക്കര്‍ സ്ഥലത്തുനിന്നും മണ്ണെടുക്കാന്‍ വാഗാഡിനെ അനുവദിക്കാനുള്ള നീക്കത്തിനെതിരെയാണ് ജനങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്. അജല്‍ നടേരി കണ്‍വീനറായ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധിക്കുകയാണ് പ്രദേശവാസികള്‍.

ചാലോറ മല നശിച്ചാല്‍ അത് നടേരിയില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രദേശത്ത് വേനല്‍ക്കാലത്തും കുടിവെള്ള പ്രശ്‌നമില്ലാതെ സംരക്ഷിക്കുന്നത് ഈ മലയാണ്. മലയുടെ സമീപത്തെ വീടുകളിലെ ജലാശയങ്ങളാണ് കുടിവെള്ള പ്രശ്‌നമുണ്ടാകുന്ന പലര്‍ക്കും ആശ്രയമാകുന്നത്. അതിനാല്‍ ഈ മല നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.

ദേശീയപാത പ്രവൃത്തിയുടെ പേരില്‍ മണ്ണെടുത്ത് സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുവില്‍ക്കുന്ന സമീപനവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റോഡ് പ്രവൃത്തിക്ക് മണ്ണ് ആവശ്യമുണ്ടെങ്കില്‍ ചാലോറ അമ്പലത്തിന് സമീപം മുതല്‍ നടേരി അക്വഡേറ്റ് വരെയുള്ള ഭാഗത്ത് കനാലിന് സമീപമുള്ള മണ്ണെടുക്കാം. ഈ മണ്ണ് എടുത്തുമാറ്റണമെന്നത് കാലങ്ങളായുള്ള ആവശ്യമാണെന്നും നാട്ടുകാര്‍ പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം പ്രദേശവാസികള്‍ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. മണ്ണെടുക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.

Summary: chaloramala Residents of the area have formed an action committee to protest against the move to take soil for national highway work