പയ്യോളി നഗരസഭയിലെ സ്ഥിരം സമിതി ചെയര്‍മാന്‍ പദവികള്‍ വെച്ചുമാറും; മൂന്ന് സ്ഥാനങ്ങള്‍ ലീഗിന്, കോണ്‍ഗ്രസിന് അതൃപ്തി


കൊയിലാണ്ടി: നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ പദവികള്‍ വെച്ചു മാറാന്‍ ധാരണ. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അധ്യക്ഷരായുള്ള മൂന്ന് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം ലീഗിനും രണ്ടെണ്ണം കോണ്‍ഗ്രസിനുമാണ് കൈമാറാന്‍ തീരുമാനം. ജില്ലാ കോണ്‍ഗ്രസ് നേതാക്കളുടെയും മുസ്ലീംലീഗ് നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം.

പയ്യോളി കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളുടെയും പ്രവര്‍ത്തകരുടേയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് ജില്ലാ നേതൃത്വത്തിന്റെ ഈ തീരുമാനം. യോഗത്തില്‍ പയ്യോളിയില്‍ നിന്ന് പങ്കെടുക്കേണ്ട പതിനാല് പേരില്‍ എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടു നിന്നു. സ്ഥിരം സമിതി ചെയര്‍മാനും സ്ഥാനമൊഴിഞ്ഞ ചെയര്‍മാനും ഉള്‍പ്പെടെയുള്ള അംഗങ്ങളാണ് യോഗത്തില്‍ നിന്ന് മാറിനിന്നത്.

നഗരസഭയില്‍ കോണ്‍ഗ്രസിന് പതിനൊന്നും ലീഗിന് പത്തും അംഗങ്ങളാണുള്ളത്. രണ്ടര വര്‍ഷം എന്ന ധാരണ പ്രകാരം കോണ്‍ഗ്രസിലെ ചെയര്‍മാനും ലീഗിലെ വൈസ് ചെയര്‍മാനും നേരത്തെ രാജി വെച്ചിരുന്നു. തുടര്‍ന്നാണ് സ്ഥിരം സമിതി ചെയര്‍മാനമാരും മാറണമെന്ന് ആവശ്യം ഉയര്‍ന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പയ്യോളി മണ്ഡലം കോണ്‍ഗ്രസ് കമിറ്റി ആവശ്യപ്പെടുന്നത്.

യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍, യു.ഡി.എഫ് ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കെ.പി.സി.സി അംഗം മഠത്തില്‍ നാണു, ലീഗ് നേതാക്കള്‍ സി.ഹനീഫ, മഠത്തില്‍ അബ്ദുറഹിമാന്‍, സി.പി സദ്ക്കത്തുള്ള, ബഷീര്‍ മേലടി എന്നിവര്‍ പങ്കെടുത്തു.