ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പുമാണ് ഇന്ന് നല്‍കിയിരിക്കുന്നത്. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണം.