സര്‍ഗാലയ മുതല്‍ ബേപ്പൂര്‍ വരെ നീളുന്ന ടൂറിസം ശൃംഖല; 95.34കോടി രൂപയുടെ സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി
പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ മുതല്‍ ബേപ്പൂര്‍ വരെ നീളുന്ന ടൂറിസം പദ്ധതിയായ സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍ പദ്ധതിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. സര്‍ഗാലയ ആര്‍ട് ആന്റ് ക്രാഫ്റ്റ് വില്ലേജിന്റെ വിപുലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്തെ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തി പദ്ധതിയുടെ വിശദമായ രൂപരേഖ കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഇതുള്‍പ്പെടെ രണ്ടു പദ്ധതികള്‍ക്ക് കേന്ദ്രം ഫണ്ട് അനുവദിച്ചത്.
95.34കോടി രൂപയുടേതാണ് സര്‍ഗാലയ ഉള്‍പ്പെടുന്ന ടൂറിസം പദ്ധതിയ്ക്ക് അനുവദിച്ചത്. ഇതിന് പുറമേ കൊല്ലം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയുള്ള ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ടിനാണ് കേന്ദ്രം അനുമതി നല്‍കിയത്. 59.71 കോടിരൂപയുടേതാണ് കൊല്ലം ബയോഡൈവേഴ്സിറ്റി ആന്റ് റിക്രിയേഷണല്‍ ഹബ്ബ് എന്ന പദ്ധതി.
സംസ്ഥാനത്തെ ടൂറിസം വികസനത്തില്‍ കുതിച്ചുചാട്ടം ഉണ്ടാക്കുന്ന പദ്ധതികളാണ് അനുവദിച്ചിരിക്കുന്നത് എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ കൂടുതല്‍ ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കുക എന്ന കാഴ്ചപ്പാടോടെയാണ് പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്താകെ ടൂറിസം കേന്ദ്രം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ ഇത് സഹായകരമാകും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ടൂറിസം വകുപ്പ് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Summary: Center approves Rs 95.34 crore Sargalaya Global Gateway to Malabar Cultural Crucible project