കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും നടുറോഡിൽ പടക്കം പൊട്ടിച്ച് ആഘോഷം; അമ്പതോളം പേർക്കെതിരെ കേസെടുത്ത് പൊലീസ്
നാദാപുരം: കല്ലാച്ചിയില്‍ നടുറോഡില്‍ വച്ച് പടക്കം പൊട്ടിച്ച സംഭവത്തില്‍ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന് എതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് ഏതാനും പേര് നടുറോഡില്‍ പടക്കം പൊട്ടിച്ചത്. ഇതോടെ ഏറെ നേരം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി.
വാണിമേൽ ടൗണിൽ ഉണ്ടായ പടക്കം പൊട്ടിക്കലിൽ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ വളയം പോലീസ് കേസെടുത്തു. അതേസമയം, പേരോട് കാറിൽ വച്ച് പടക്കം പൊട്ടിച്ച സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം നാദാപുരം പോലീസ് കേസെടുത്തു. ഇയ്യങ്കോട് സ്വദേശികളായ മുഹമ്മദ് ഷഹറാസ്, ബന്ധു റഹീസ് എന്നിവർക്കെതിരെയാണ് കേസ്.