എത്തിയത് രണ്ടുപേര്‍, കടയ്ക്കുള്ളിലേക്ക് കടന്നതിന് പിന്നാലെ എല്ലായിടവും തിരഞ്ഞു; മുചുകുന്ന് കോളേജിന് സമീപം സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍
മുചുകുന്ന്: മുചുകുന്ന് ഗവ. കോളേജിന് സമീപം സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രണ്ടുപേര്‍ പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ച മുറിയില്‍ കയറുന്നതും പരിശോധന നടത്തുന്നതുമാണ് ദൃശ്യത്തിലുള്ളത്.. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
ഫ്രഷ് മാര്‍ട്ടെന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രൂട്ട് സൂക്ഷിക്കുന്ന മുറിയിലാണ് മോഷ്ടാക്കള്‍ കയറിയത്. ഇതിനുള്ളില്‍ മറ്റൊരു മുറിയിലാണ് മറ്റു സാധനങ്ങളുണ്ടായിരുന്നത്. മോഷ്ടാക്കള്‍ ഉള്ളിലേക്ക് കടന്നിട്ടില്ല.
സമീപത്തെ നിഖ ബേക്കറിയിലും മോഷണം നടന്നു. മേശയിലുണ്ടായിരുന്ന ചെറിയ തുക നഷ്ടപ്പെട്ടു. പുലര്‍ച്ചെ കടയുടെ സമീപത്തുകൂടി കല്ലുമായി പോകുകയായിരുന്ന ലോറിയിലെ ആളുകളാണ് മോഷണ സംഭവം കണ്ടത്. മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ലോറിയിലെ ജീവനക്കാര്‍ കടയുടമകളെ വിവരം അറിയിക്കുകയായിരുന്നു.