നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; പെരുവട്ടൂര്‍ സ്വദേശിയ്‌ക്കെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു
കൊയിലാണ്ടി: നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് ഐ.ടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്. ഇന്നലെയായിരുന്നു സംഭവം.
നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനിയാണെന്നുമായിരുന്നു അനില്‍ കുമാറിന്റെ പോസ്റ്റ്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകള്‍ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന പരാതി ഉയര്‍ന്നതോടെയാണ് പൊലീസ് നടപടി.
സംഭവം വിവാദമായ ഉടനെ അനില്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇതിനകം നിരവധി പേര്‍ പോസ്റ്റ് കണ്ടിരുന്നു. കൊയിലാണ്ടിയിലെ പത്രവിതരണക്കാരനും അമൃതാനന്ദമയീ മഠത്തിലെ സഹായിയുമാണ് അനില്‍കുമാര്‍.
ഐ.ടി ആക്ടിന് പുറമെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505 (1), കേരള പൊലീസ് ആക്ടിലെ 118 ഇ വകുപ്പുകൾ പ്രകാരവും അനിൽ കുമാറിനെതിരെ കേസുണ്ട്.
പൊതുജന സുരക്ഷയ്ക്കായി വാർഡ് ആർ.ആർ.ടി.അംഗങ്ങൾക്കും, വാർഡ് മെമ്പർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക നിർദ്ദേശം നൽകുമെന്ന് ജില്ലാ കലക്ടർ കെ.ഗീത അറിയിച്ചു. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റുറൽ എസ്.പി കറുപ്പസാമി പറഞ്ഞു. വ്യാജ സന്ദേശങ്ങൾക്കെതിരെ സൈബർ ചെക്കിങ് കർശനമാക്കുമെന്ന് കൊയിലാണ്ടി സി.ഐ എം.വി.ബിജു അറിയിച്ചു.
Summary: Facebook post that Nipah is a fake creation; A case has been registered against the native of Peruvattur by the Koilandi police