കർണാടക സംഗീതജ്ഞന്‍ പ്രൊഫസർ കെ.ആർ കേദാരനാഥന്റെ ഓര്‍മകളില്‍ കൊയിലാണ്ടി; ‘കേദാരം’ ഫെബ്രുവരി 15ന്
കൊയിലാണ്ടി: പ്രമുഖ കർണാടക സംഗീതജ്ഞനും പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജിലെ സംഗീത വിഭാഗം തലവനുമായിരുന്ന പ്രൊഫസർ കെ.ആർ കേദാരനാഥൻ അനുസ്മരണ പരിപാടി “കേദാരം” ഫെബ്രുവരി 15ന് നടക്കും.
വൈകീട്ട് മൂന്ന് മണിക്ക് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
കാനത്തിൽ ജമീല എംഎൽഎ, പ്രശസ്ത ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്, സി.എസ് വരദൻ, സംഗീതജ്ഞരായ പ്രൊഫ.തൃക്കാരിയൂർ രാജലക്ഷ്മി, പ്രൊഫ.ചെമ്പൈ വെങ്കട്ടരാമൻ, പ്രൊഫസർ ആർ.സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുക്കും.
സംഗീതജ്ഞൻ പ്രൊഫ.കാവുംവട്ടം വാസുദേവന്റെ നേതൃത്വത്തിലുള്ള അനുസ്മരണ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതജ്ഞരും, സംഗീത വിദ്യാർത്ഥികളും, സംഗീതാസ്വാദകരും പങ്കെടുക്കും.
സംഗീതജ്ഞൻ ഡോക്ടർ അടൂർ.പി സുദർശനന്റെ നേതൃത്വത്തിൽ ഗുരു കേദാരനാഥൻ കൃതികളുടെ ആലാപനവും, വൈകിട്ട് ആറുമണിക്ക് പ്രശസ്ത സംഗീതജ്ഞൻ കുന്നക്കുടി ബാലമുരളീ കൃഷ്ണ നയിക്കുന്ന സംഗീത കച്ചേരിയും നടക്കും. പത്രസമ്മേളനത്തിൽ പ്രൊഫ.കാവുംവട്ടം വാസുദേവൻ, ഡോ.അടൂർ പി.സുദർശനൻ, പാലക്കാട് പ്രേംരാജ്, സുനിൽ തിരുവങ്ങൂർ, അഡ്വ. കെ.ടി ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.
Description: Carnatic Musician Professor KR Kedaranathan’s Reminiscences Koyilandy