ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് വഴി മാറാതെ അഭ്യാസവുമായി കാര്‍; സംഭവം ചേളന്നൂരില്‍


ബാലുശ്ശേരി: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്ന ആംബുലന്‍സിന് മുന്നില്‍ അഭ്യാസം നടത്തി സ്വകാര്യ കാര്‍. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് രോഗിയുമായി പുറപ്പെട്ട ആംബുലന്‍സിന് മുന്നിലാണ് വഴി മാറാതെ കാര്‍ അഭ്യാസം നടത്തിയത്. ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി വരെയായിരുന്നു കാറിന്റെ അഭ്യാസപ്രകടനം.

KL-11-AR-3542 നമ്പറിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് ആംബുലൻസിന് വഴി മാറാതെ ഓടിച്ചത്. സെറണ്‍ മുഴക്കി അതിവേഗത്തില്‍ പോവുകയായിരുന്ന ആംബുലന്‍സ് പലതവണ ഹോണ്‍ മുഴക്കിയിട്ടും കാര്‍ ആംബുലന്‍സിന് കടന്ന് പോകാനായി വഴി മാറിയില്ല. റോഡിന് നടുവിലൂടെആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ചുകൊണ്ട് കുതിച്ച കാര്‍ ഇടയ്ക്കിടെ സഡന്‍ ബ്രേക്കിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആംബുലന്‍സില്‍ തെറിച്ചുവീണു.

ഒടുവില്‍ വണ്‍വേ ആയ കക്കോടി ബൈപ്പാസില്‍ എത്തിയപ്പോഴാണ് ആംബുലന്‍സിന് കാറിനെ മറികടക്കാന്‍ സാധിച്ചത്. കാര്‍ കാരണം വിലപ്പെട്ട കുറേയേറെ സമയം ആംബുലന്‍സിന് നഷ്ടപ്പെട്ടുവെന്ന് രോഗിയുടെ ബന്ധു പറഞ്ഞു. കാര്‍ ആംബുലന്‍സിന് മനഃപൂര്‍വ്വം വഴി മാറി തരാത്തതാണെന്ന് മനസിലായതോടെ ആംബുലന്‍സിലുണ്ടായിരുന്നവര്‍ കാറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി.

ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ രോഗിയുടെ ബന്ധുക്കള്‍ കാക്കൂര്‍ പൊലീസിലും എസ്.ആര്‍.ടി.ഒ അധികൃതര്‍ക്കും പരാതി നല്‍കി. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തിര വാഹനങ്ങള്‍ക്ക് വഴി മാറിക്കൊടുക്കാത്തത് പതിനായിരം രൂപ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.