വടകരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ തീവെച്ചു നശിപ്പിച്ചു; മറ്റൊരു കാര്‍ കത്തിക്കാന്‍ ശ്രമം: സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്
വടകര: താഴയങ്ങാടിയില്‍ റോഡരികില്‍ വീടുകള്‍ക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ തീവെച്ച് നശിപ്പിച്ചു. മുക്കോല ഭാഗത്ത് വലിയവളപ്പില്‍ യുനാനി ഡോക്ടര്‍ സെയ്ത് മുഹമ്മദ് അനസിന്റെ കെ.എല്‍.18.എസ്.5604 കാറാണ് കത്തിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. കാര്‍ കത്തി പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ പുറത്തിറങ്ങിയെങ്കിലും അപ്പോഴും കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. സമീപവാസികള്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള മുന്‍ കൗണ്‍സിലര്‍ കൂടിയായ എന്‍.പി.എം നഫ്‌സലിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയും അദ്ദേഹം അഗ്നിരക്ഷാ സേനയെ വിളിക്കുകയുമായിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് തീ പടരാതെ നിയന്ത്രിച്ചത്. തീയിട്ട കാറിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറും നശിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്.
കാര്‍ വീട്ടില്‍ കയറ്റാന്‍ പ്രയാസമുള്ളതിനാല്‍ അനസ് റോഡരികിലാണ് സാധാരണയായി നിര്‍ത്തിയിടാറുള്ളത്. ഈ കാറിനു സമീപത്തായി തീയിട്ടിരുന്നെങ്കിലും കാര്‍ കത്തിയില്ല. ഈച്ചലിന്റവിട ഫിറോസിന്റെ കാറാണിത്. ഈ കാറിന്റെ ടയറില്‍ തീവെച്ചതുപോലെ പാടുണ്ട്.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. ദൃശ്യങ്ങളില്‍ പതിഞ്ഞയാള്‍ മുമ്പും സമാനമായ കേസുകളില്‍ പ്രതിയാണ്.
ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വടകര എസ്.ഐ എം.നിജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
[bot1]