കനാലുകളില്‍ ഇനി തെളിനീരൊഴുകും, ശുചീകരിക്കുന്നത് 47 കിലോമീറ്റര്‍; കൊയിലാണ്ടിയില്‍ കനാല്‍ ശുചീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


കൊയിലാണ്ടി: കനാല്‍ ശുചീകരണത്തിനുള്ള ഒരുക്കങ്ങള്‍ കൊയിലാണ്ടിയില്‍ പൂര്‍ത്തിയായതായി. കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ 26ന് ആണ് ശുചീകരണം നടത്തുന്നത്. 7500 പേരാണ് പ്രവൃത്തിക്ക് നേതൃത്വം നല്‍കുക. ഇതിനായി 15 മേഖല സംഘാടകസമിതികളും 217 പ്രാദേശിക സംഘാടക സമിതികളും രൂപീകരിച്ചിരുന്നു.

6.7 കിലോ മീറ്റര്‍ മെയിന്‍ കനാലും 23.150 കിലോമീറ്റര്‍ ബ്രാഞ്ച് കനാലുകളും 7.45 കിലോമീറ്റര്‍ ഡിസ്ട്രിബ്യൂട്ടറികളും 9.81 കിലോ മീറ്റര്‍ ഫീല്‍ഡ് ബോത്തികളും ഉള്‍പ്പെടെ 47 കിലോ മീറ്ററിലധികം ദൂരത്തിലാണ് ഈ മേഖലയില്‍ കനാല്‍ ശുചിയാക്കുന്നത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തിയാണ് പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നത്. പണിയായുധങ്ങള്‍, ഭക്ഷണം, ഫസ്റ്റ് എയിഡ്, ആമ്പുലന്‍സ് ഉള്‍പെടെയുള്ള സംവിധാനങ്ങള്‍ പ്രവൃത്തിക്കായി തയ്യാറാക്കിയിട്ടുണ്ട്.

ചേമഞ്ചേരിയില്‍ കെ.കെ. മുഹമ്മദ്, കൊയിലാണ്ടിയില്‍ സെന്റര്‍ കാനത്തില്‍ ജമീല എംഎല്‍എ, കൊയിലാണ്ടി ഈസ്റ്റില്‍ പി വിശ്വന്‍, ആനക്കുളത്ത് കെ. ദാസന്‍, കൊല്ലത്ത് ടി.കെ. ചന്ദ്രന്‍, അരിക്കുളത്ത് പി. ബാബുരാജ്, നടേരിയില്‍ കെ.പി. സുധ, കാപ്പാട് സതി കിഴക്കയില്‍, പൊയില്‍ക്കാവ് ഷീബ മലയില്‍, കീഴരിയൂരില്‍ കെ.കെ. നിര്‍മ്മല, കാരയാട് എ.എം സുഗതന്‍, ചെങ്ങോട്ട്കാവ് കെ. ഷിജു, കൊയിലാണ്ടി സൗത്തില്‍ സി അശ്വനി ദേവ്, നമ്പ്രത്തു കരയില്‍ എല്‍.ജി. ലിജീഷ് എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.