ഓട്ടോറിക്ഷാസമാന്തര സര്‍വ്വീസിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തം; കൊയിലാണ്ടിയില്‍ നിന്നും വിവിധ റൂട്ടിലോടുന്ന ബസ്സുകള്‍ ജനുവരി 7ന് സൂചനാ പണിമുടക്ക് നടത്തുന്നു


കൊയിലാണ്ടി: ഓട്ടോറിക്ഷാസമാന്തര സര്‍വ്വീസിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ നിന്നും വിവിധ റൂട്ടിലോടുന്ന ബസ്സുകള്‍ സൂചനാ പണിമുടക്ക് നടത്തുന്നു. 7.1. 2025 ചൊവ്വാഴ്ച കൊയിലാണ്ടി-പേരാമ്പ്ര, കൊയിലാണ്ടി- നടുവണ്ണൂര്‍, കൊയിലാണ്ടി- അണേലക്കടവ്, കൊയിലാണ്ടി-കീഴരിയൂര്‍ (വഴി മുത്താമ്പി, അരിക്കുളം, ഊരള്ളൂര്‍, മന്ദങ്കാവ് പാറക്കുളങ്ങര, നൊച്ചാട്,അഞ്ചാംപീടിക, നടുവത്തൂര്‍ ) റൂട്ടുകളിലാണ് സൂചനാ പണിമുടക്ക്.

ഓട്ടോ സമാന്തരസര്‍വീസ് ബസ്സ സര്‍വ്വീസിനെ കാര്യമായി ബാധിക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍, ഡി.ടി.സി. എസ്.പി വടകര, ജോയിന്റ് ആര്‍.ടി.ഒ കൊയിലാണ്ടി, പേരാമ്പ്ര, കൊയിലാണ്ടി സി.ഐ എന്നിവര്‍ക്ക് ഒരു മാസത്തിലധികമായി നേരിട്ട് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ബസ്സുകാരുടെ ആരോപണം.

ഭാരിച്ച സാമ്പത്തിക ബാദ്ധ്യത മൂലം ടാക്‌സ് , ഇന്‍ഷൂറന്‍സ് , മറ്റ് മെയിന്റനന്‍സ് എന്നീ ചിലവുകള്‍ കാരണം ബസ്സ് സര്‍വ്വീസ് നടത്തി കൊണ്ടുപോവാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും ഓട്ടോ സമാന്തരസര്‍വ്വീസ് കാരണം വരുമാനത്തില്‍ ഗണ്യമായ കുറവാണ് ഉള്ളതെന്നുമാണ് ബസ്സ് തൊഴിലാളികളുടെ പരാതി.

സമാന്തര സര്‍വ്വീസിനെതിരെ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ അനിശ്ചിത പണിമുടക്കിലേക്ക് നീങ്ങേണ്ടിവരുമെന്ന് ബസ്സ് ഓപ്പറേറ്റര്‍മാരുടെയും തൊഴിലാളികളുടെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ വിപിന്‍ സ്വാഗതം പറഞ്ഞു. ഏ.എം വിജയന്‍ അധ്യക്ഷത വഹിച്ചു. സുനില്‍കുമാര്‍ , അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.