മദ്യപിച്ച് അപകടകരമാംവിധം ബസ് ഓടിച്ച ഡ്രൈവര്‍ എലത്തൂരില്‍ പിടിയില്‍; പിടിയിലായത് വടകര-കോഴിക്കോട് ബസിലെ ഡ്രൈവര്‍


എലത്തൂര്‍: മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ എലത്തൂര്‍ പൊലീസിന്റെ പിടിയില്‍. മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ബിജുവിനെ (52) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെ 9.15ന് വെങ്ങാലി പാലത്തിനു സമീപത്താണ് സംഭവം.

വടകരയില്‍നിന്ന് നിറയെ യാത്രക്കാരുമായി കോഴിക്കോട്ടേക്ക് വരുകയായിരുന്നു ബസ്. അമിത വേഗത്തിലും അപകടകരമായ സാഹചര്യത്തിലുമാണ് ബസ് വരുന്നതെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എ.സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്കു വിധേയമാക്കി.

പൊലീസെത്തി കസ്റ്റഡിയിലെടുത്തപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി യാത്രക്കാര്‍ക്കു മനസ്സിലായത്. ബസ് അമിത വേഗത്തിലായിരുന്നു വന്നതെന്ന് യാത്രക്കാരില്‍ ചിലരും പൊലീസിനു മൊഴി നല്‍കി. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.