കോഴിക്കോട് നിന്ന് കണ്ണൂരെത്താന്‍ അനുവദിച്ചത് രണ്ട് മണിക്കൂര്‍ 40മിനിറ്റ്, വടകരയെത്താന്‍ മാത്രം താണ്ടേണ്ടത് ആറോളം ഇടങ്ങളിലെ ഗതാഗതക്കുരുക്ക്; എങ്ങനെയാണ് ഞങ്ങള്‍ തൊഴിലെടുക്കേണ്ടതെന്ന് ബസ് ജീവനക്കാര്‍


കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയിലെ അശാസ്ത്രീയതയും റോഡിന്റെ ശോചനീയാവസ്ഥയും കാരണം തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയുന്നില്ലെന്ന സ്ഥിതി വന്നതുകൊണ്ടാണ് സമരത്തിലേക്ക് പോയതെന്ന് ബസ് ജീവനക്കാര്‍. കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലെ ഭൂരിപക്ഷം ബസ് ജീവനക്കാരും ഇന്ന് മുതല്‍ അനിശ്ചിതകാല തൊഴില്‍ ബഹിഷ്‌കരണം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ തൊഴിലാളികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെച്ചത്.

കോഴിക്കോട് നിന്നും കണ്ണൂരെത്താന്‍ രണ്ടുമണിക്കൂര്‍ 40 മിനിറ്റാണ് ദീര്‍ഘദൂര ബസുകള്‍ക്ക് അനുവദിച്ചത്. എന്നാല്‍ അഞ്ചും ആറും മണിക്കൂറാണ് നിലവില്‍ എടുക്കുന്നതെന്നാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഡി.ടി.എസ് ബസിലെ ഡ്രൈവറായ നിസാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. രാവിലെ ആറുമണിക്ക് കോഴിക്കോട് നിന്ന് ആരംഭിച്ചാല്‍ കണ്ണൂരെത്തുമ്പോഴേക്കും 12 മണിയൊക്കെയാകും. 10.40ന് കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചുവരേണ്ട ബസാണ്. അവിടെയെത്തി മറ്റു ബസുകളുമായി സമയം അഡ്ജസ്റ്റ് ചെയ്‌തോ അല്ലെങ്കില്‍ ട്രിപ്പ് കട്ട് ചെയ്‌തോ ഒക്കെയാണ് പിന്നീട് യാത്ര തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവങ്ങൂര്‍, പൂക്കാട്, കൊയിലാണ്ടി മാര്‍ക്കറ്റ്, നന്തി ബസാര്‍, തിക്കോടി മുതല്‍ പയ്യോളി വരെ, ഇരിങ്ങല്‍ എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് പതിവാണ്. മഴക്കാലമായതുകൊണ്ട് മരംവീണും വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചുമൊക്കെയുണ്ടാകുന്നത് ബ്ലോക്കുകളും ഇതിന് പുറമേയുണ്ടാവും. സര്‍വ്വീസ് റോഡ് എന്ന് പറഞ്ഞ് റോഡുണ്ടെങ്കിലും ഒരിടത്തും ആവശ്യത്തിന് വീതിയില്ല. മുമ്പിലൊരു ഓട്ടോ ഉണ്ടെങ്കില്‍ പോലും ഓവര്‍ടേക്ക് ചെയ്ത് പോകാന്‍ സ്ഥലമില്ല. സൈഡിലെ സ്ലാബിലേക്ക് കയറ്റാന്‍ പേടിയാണ്. പലയിടത്തും വാഹനങ്ങള്‍ കയറിയും മറ്റും സ്ലാബുകള്‍ പൊട്ടിക്കിടക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിക്ക ദിവസങ്ങളിലും രാവിലെ ആറുമണിക്ക് മുമ്പ് ഭക്ഷണം കഴിച്ചാല്‍ പിന്നെയെന്തെങ്കിലും കഴിക്കണമെങ്കില്‍ രാത്രി ഏഴുമണിക്ക് ശേഷമേ കഴിയൂവെന്നതാണ് അവസ്ഥ. ഈ രീതിയില്‍ തൊഴിലെടുത്ത് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നതിനാലാണ് സമരത്തിന്റെ ഭാഗമായതെന്ന് നിസാര്‍ പറഞ്ഞു.

ഇതേ റൂട്ടിലെ ബസ് ഡ്രൈവറായ സന്ദീപിനും ഇതൊക്കെ തന്നെയാണ് പറയാാനുള്ളത്. പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിക്കുന്നതാണ് ഞാന്‍ ഡ്രൈവറായ ബസിന്റെ ട്രിപ്പ്, പല ജീവനക്കാരും രാത്രി ട്രിപ്പ് പൂര്‍ത്തിയാക്കി വീട്ടിലെത്തുമ്പോള്‍ 10ഉം 11ഉം മണിയൊക്കെയാകുമെന്ന സ്ഥിതിയാണെന്നാണ് സന്ദീപ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. കഷ്ടിച്ച് നാലോ അഞ്ചോ മണിക്കൂറാണ് ഉറങ്ങാന്‍ സാധിക്കുന്നത്.

 

തൊഴിലാളി സംഘടനകളുടെ പിന്തുണയോ മുന്‍കൂര്‍ നോട്ടീസോ നല്‍കാതെയുള്ള സമരത്തെ പിന്തുണയ്ക്കുന്നില്ലെങ്കിലും ഈ റൂട്ടിലെ ബസ് സര്‍വ്വീസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാണെന്നാണ് മേപ്പയ്യൂരില്‍ നിന്നും കോഴിക്കോട് സര്‍വ്വീസ് നടത്തുന്ന സവേര ബസിലെ ജീവനക്കാരനായ
രഞ്ജിത് കോയേരിയും പറയുന്നത്. ഒന്നും രണ്ടും മണിക്കൂര്‍ ഗതാഗതക്കുരുക്കിലാണ്. ഇനി എങ്ങാനും ബസുകള്‍ നിരതെറ്റിച്ച് നീങ്ങിയാല്‍ ജീവനക്കാര്‍ക്ക് പറയാനുള്ള സാവകാശം പോലും നല്‍കാതെ പിഴയൊടുക്കാനുള്ള ചലാന്‍ നല്‍കുകയാണ് ചെയ്യുന്നത്. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോടേക്ക് പോകുന്ന ബസില്‍ ആയതിനാല്‍ പലപ്പോഴും തിരുവങ്ങൂരിലെയും പൂക്കാടെയും റോഡിലെ കുഴികള്‍ കാരണമുള്ള ഗതാഗതക്കുരുക്കിലാണ് പെടാറുള്ളത്. ഇത്രയേറെ പരാതി ഉയര്‍ന്നിട്ടും ഇവിടുള്ള കുഴി നികത്താനുള്ള നടപടിയുണ്ടായിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു.

വടകര മടപ്പള്ളിയില്‍ സീബ്രാലൈന്‍ മുറിച്ച് കടക്കുമ്പോള്‍ ഉണ്ടായ അപകടത്തിന്റെ പേരില്‍ ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കിയ നടപടി പുന:പരിശോധിക്കണം എന്ന ആവശ്യവും തൊഴില്‍ ബഹിഷ്‌കരിക്കുന്ന ബസ് ജീവനക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സീബ്രാലൈനിലൂടെ മുറിച്ചുകടക്കുമ്പോള്‍ ഇരുവശത്തുനിന്നും വാഹനങ്ങള്‍ വരുന്നില്ലയെന്ന് ഉറപ്പുവരുത്തണം. മടപ്പള്ളിയില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ എതിര്‍വശത്തുനിന്നും വരുന്ന വാഹനത്തിന്റെ മറവില്‍ ഡ്രൈവര്‍ വിദ്യാര്‍ഥികള്‍ സീബ്രാലൈനിലൂടെ കടക്കുന്നത് കണ്ടിട്ടില്ലയെന്നത് വ്യക്തമാണ്. എന്നിട്ടും ഒരാളുടെ തൊഴിലിനെ തന്നെ പ്രതിസന്ധിയിലാക്കുന്ന ശിക്ഷാനടപടിയെടുത്തത് അംഗീകരിക്കാനാവില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. നിയമപ്രകാരം സീബ്രാലൈന്‍ പോലുള്ളയുള്ളിടത്ത് ഈ മുന്നറിയിപ്പുകള്‍ നല്‍കുന്ന ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. നിയമത്തിന്റെ പേര് പറഞ്ഞ് ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുന്നവര്‍ ഇത്തരം സിഗ്നലുകള്‍ സ്ഥാപിച്ചിട്ടില്ലയെന്നത് കുറ്റമായി കാണുന്നില്ലേയെന്നും ബസ് ജീവനക്കാര്‍ ചോദിക്കുന്നു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് പൊലീസും ഗതാഗതവകുപ്പും വിദ്യാര്‍ഥികളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും അതിലൂടെ ഇതുപോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്നും ജീവനക്കാര്‍ പറയുന്നു.