വടകരയിലും ഉള്ള്യേരിയിലും കാര്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവം; ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കി
ഉള്ള്യേരി: ഉള്ള്യേരിയിലും വടകര കുട്ടോത്തും രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കാര്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച കേസില്‍ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി. വടകര കുട്ടോത്ത് നടന്ന സംഭവത്തില്‍ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആര്‍.ടി.ഒ സസ്‌പെന്‍ഡ് ചെയ്തു.
ഡ്രൈവര്‍ ലിനീഷ്, കണ്ടക്ടര്‍ ശ്രീജിത്ത് എന്നിവരുടെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്. ഒരുമാസത്തേക്കാണ് ഇവരുടെ ലൈസന്‍സ് റദ്ദാക്കിയത്. ഡ്രൈവറോട് എടപ്പാളിലെ ഡ്രൈവേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹാജരാകാനും റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഡിസംബര്‍ 25ന് കുട്ടോത്ത് കാര്‍ ത ടഞ്ഞ് ഇരിങ്ങല്‍ സ്വദേശി സാജിദിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി. സാജിദിന്റെ പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആര്‍.ടി.ഒ ഡ്രൈവറെയും കണ്ടക്ടറെയും വിളിച്ചുവരുത്തി ഹിയറിങ് നടത്തിയതും ലൈസന്‍സ് സസ്‌പെന്റ് ചെയ്തതും.
ഉള്ള്യേരിയില്‍ കാര്‍ തടഞ്ഞ് കാഞ്ഞിക്കാവ് സ്വദേശി ബിപിന്‍ലാലിനെ മര്‍ദ്ദിച്ച കേസില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഡ്രൈവര്‍ പാലേരി ചെറിയ കുമ്പളം എടവലത്ത് മുഹമ്മദ് ഇജാസിനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇയാളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.