വേളം ശാന്തി നഗറില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ വീട്ടില്‍ മോഷണ ശ്രമം; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
കൊയിലാണ്ടി: വേളം ശാന്തിനഗറില്‍ ഇതര സംസ്ഥാന തൊഴിലാളിയും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടില്‍ മോഷണശ്രമം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. പന്നിയവല്‍ വെള്ളഞ്ചേരിച്ചാലില്‍ വി.സി ഹാരിസിനെയാണ് (46) കുറ്റ്യാടി എസ്.ഐ.പി. ഷമീര്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 22ന് പുലര്‍ച്ചെ ബിഹാര്‍ സ്വദേശി മുഹമ്മദ് അഫ്ഫാറും കുടുംബവും താമസിക്കുന്ന വീടിന്റെ ജനലഴി തകര്‍ത്ത് അകത്തു കടന്ന് മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍.
മോഷണ ശ്രമത്തിനിയെ വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ബൈക്ക് എടുക്കാന്‍ തിരിച്ചു വന്നപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചിട്ടും സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നില്ല. ഇതിനെതിരെ സര്‍വകക്ഷി സംഘം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്.
അഫ്ഫാറിന് വീടുണ്ടാക്കാന്‍ സഹായമായി പണം ലഭിച്ച വിവരം അറിഞ്ഞാണ് ടൂറിസ്റ്റ് ടാക്സി ഡ്രൈവറായ ഹാരിസ് മോഷണത്തിന് എത്തിയതെന്നായിരുന്നു നാട്ടുകാരുടെ പരാതി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.