പാലക്കുളത്ത് ഒന്നരമാസമായി അടച്ചിട്ട വീട്ടില്‍ മോഷണ ശ്രമം, ക്യാമറകൾ നശിപ്പിച്ചു; സിസിടിവിയിൽ കുടുങ്ങിയ കള്ളന്‍റെ ദൃശ്യങ്ങൾ കാണാം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഒന്നരമാസമായി അടച്ചിട്ട വീട്ടില്‍ കള്ളന്‍ കയറി. പാലക്കുളം സുഭാഷ് വായനശാലയ്ക്ക് മുന്‍വശത്തുള്ള ചെട്ടിയേടത്ത് പൊയിലില്‍ ദിനേശന്റെ വീട്ടിലാണ് ജൂലൈ 31ന് കള്ളന്‍ കയറിയത്. കഴിഞ്ഞ ഒരു ഒന്നരമാസമായി ദിനേശനും കുടുംബവും വിദേശത്താണ്.

റോഡിന് സൈഡിലായി വീട്ടില്‍ സ്ഥാപിച്ച രണ്ട് ക്യാമറകള്‍ ഇന്നലെ താഴത്തേക്ക് തിരിച്ചുവച്ചത് കണ്ട പരിസരവാസികള്‍ ദിനേശനെ വിളിച്ച് പറയുകയായിരുന്നു. തുടര്‍ന്ന് പയ്യോളിയിലുള്ള ദിനേശിന്റെ പെങ്ങളുടെ മകന്‍ അഭിജിത്ത് വന്ന് പരിശോധിച്ചപ്പോഴാണ് വീട്ടില്‍ കള്ളന്‍ കയറിയത് മനസിലായത്.

ജൂലൈ 31ന് രാത്രി 12നും 4നും ഇടയിലുള്ള സമയത്താണ് മോഷണശ്രമം നടന്നത്. വീട്ടിലെ 9 ക്യാമറകളില്‍ 3 ക്യമാറയില്‍ മാത്രമാണ് ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. ബാക്കിയെല്ലാ ക്യാമറകളും നശിപ്പിച്ചിട്ടുണ്ട്. മുഖം മുഴുവനായും മറച്ചാണ് ഇയാള്‍ എത്തിയത്. വീടിന്റെ മുന്‍വാതിലിന്റെ ലോക്ക് പൊട്ടിച്ചാണ് കള്ളന്‍ അകത്ത് കയറിയത്.

അലമാര, മേശ തുടങ്ങി വീട്ടിലെ മുഴുവന്‍ സാധനങ്ങളും ഇയാള്‍ പരിശോധിക്കുകയും വാരിവലിച്ചിടുകയും ചെയ്തിട്ടുണ്ട്. ഒന്നരമാസമായി അടച്ചിട്ടതിനാല്‍ വീട്ടില്‍ പണമോ സ്വര്‍ണാഭരണങ്ങളോ ഒന്നും തന്നെയില്ല.

കൊയിലാണ്ടി പോലീസില്‍ ഇന്ന് ഉച്ചയ്ക്ക് അഭിജിത്ത് പരാതി നല്‍കുകയും, പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

സിസിടിവിയിൽ കുടുങ്ങിയ കള്ളന്‍റെ ദൃശ്യങ്ങൾ