വൈകിയത് കൊണ്ട് രാവിലെ ആഹാരം കഴിക്കാതെ ആണോ സ്കൂളിൽ പോകുന്നത്? പത്തിരി, ചപ്പാത്തി, പുട്ട്, ഇഡലി, ദോശ; ഇനി ചേമഞ്ചേരിയിൽ ഉച്ചഭക്ഷണത്തിനു പുറമെ പ്രഭാതഭക്ഷണവും
ചേമഞ്ചേരി: രാവിലത്തെ തിരക്കും ട്യൂഷനുമൊക്കെ കാരണം പ്രഭാതഭക്ഷണം കഴിക്കാറില്ലേ? പലപ്പോഴും ഒഴിവാക്കുകയാണോ, വിദ്യാർത്ഥികളുടെ ആരോഗ്യത്തെ വരെ ബാധിക്കാവുന്ന ഈ രീതിക്ക് പരിഹാരം കണ്ടെത്തി ചേമഞ്ചേരി. ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജീവനി പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി പഞ്ചായത്ത് പരിധിയിലെ സർക്കാർ സ്കൂളുകളിൽ ആണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കാപ്പാട് ജി.എം.യൂ.പി സ്കൂളിൽ പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പരിധിയിലെ ഗവ. എൽ.പി, യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പ്രഭാതഭക്ഷണം നൽകുന്നത്. പത്തിരി, ചപ്പാത്തി, പുട്ട്, ഇഡലി, ദോശ എന്നിവയ്ക്കൊപ്പം ചെറുപയർ, കടല, മസാല, വെജിറ്റബിൾ കറി എന്നിവയാണ് നൽകുക. ഓരോ ദിവസവത്തേക്കും വ്യത്യസ്തമായ മെനുവാണ് തയ്യാറാക്കിയിരിക്കുന്നത്. കുടുംബശ്രീ മുഖേനയാണ് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകളിൽ ഭക്ഷണം എത്തിക്കുന്നതോടൊപ്പം അഞ്ചോളം കുടുംബശ്രീക്ക് സംരംഭം ആരംഭിക്കാനും ഇതുവഴി സാധിച്ചു.
അത്താഴത്തിനു ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഭാതഭക്ഷണം നമ്മള് കഴിക്കുന്നത്. ശരീരത്തിന് ഒരു ദിവസത്തേക്കാവശ്യമായ ഊര്‍ജം മുഴുവന്‍ നല്‍കുന്നത് പ്രഭാതഭക്ഷണമാണ്. അതിനാല്‍, പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കേണ്ടത് അത്യാവശ്യമായ ഒന്നാണ്. എന്നാല്‍, മിക്കവരും ഒഴിവാക്കുന്നതും പ്രഭാതഭക്ഷണം തന്നെയാണ്. പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. രോഗ പ്രതിരോധ ശേഷി കുറയ്യുന്നതിനും ഇത് കാരണമാകുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ. പി പി സുധ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ.എം ഷീല, അതുല്യ ബൈജു, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം എം പി മൊയ്തീൻകോയ, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി ശിവദാസൻ, റസീനഷാഫി, ശബ്ന ഉമ്മാരിയിൽ, സുധ, സജിത ഷെറി, സി ഡി എസ് ചെയർപേഴ്സൺ ആർ പി വത്സല, പി ഇ സി കൺവീനർ വി അരവിന്ദൻ ,പി ടി എ പ്രസിഡണ്ട് കെ പി ഹസിന, എസ് എം സി ചെയർമാൻ ഷിജു ടി, എം പി ടി എ പ്രസിഡണ്ട് ഇഷ്റത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എച്ച്.എം സതീഷ്കുമാർ പി.പി സ്വാഗതവും വാർഡ് മെമ്പർ വി മുഹമ്മദ് ഷരീഫ് നന്ദിയും പ്രകടിപ്പിച്ചു.