അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍; കായണ്ണയില്‍ വാഹനാപകടത്തില്‍ മരിച്ച നിരഞ്ജനയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി


പേരാമ്പ്ര: കായണ്ണയില്‍ വാഹനാപകടത്തില്‍ മരിച്ച പന്ത്രണ്ടുകാരി നിരഞ്ജനയ്ക്ക് നാട് യാത്രാമൊഴിയേകി. വെള്ളിയാഴ്ച ഉച്ചയ്ക്ക് യു.എസ്.എസ് പരീക്ഷ കഴിഞ്ഞ് നിരഞ്ജന ബന്ധുവിനൊപ്പം മടങ്ങവെയാണ് കായണ്ണ നടുക്കണ്ടി താഴെ കനാല്‍പാലത്തിന് സമീപത്ത് വച്ച് അപകടത്തില്‍ പെട്ടത്. നിരഞ്ജന സഞ്ചരിച്ചിരുന്ന സ്‌കൂട്ടരില്‍ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചയോടെ കുരിക്കള്‍കൊല്ലി വായനശാലയ്ക്ക് മുന്നില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് നിരഞ്ജനയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചു. നാടിന്റെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിന് ആളുകളാണ് നിരഞ്ജനയെ അവസാനമായി കാണാനായി ഇവിടേക്ക് എത്തിയത്.

അന്തിമോപചാരമെത്തിക്കാനായി എത്തിയ സഹപാഠികളും അധ്യാപകരും കരച്ചിലടക്കാന്‍ പാടുപെട്ടു. പഠനത്തില്‍ മിടുക്കിയായിരുന്ന, മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്ന നിരഞ്ജന തങ്ങള്‍ക്കിനി ഓര്‍മ്മ മാത്രമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാര്‍ക്കും സാധിച്ചില്ല. പേരാമ്പ്ര എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നിരഞ്ജന.

മുന്‍ എം.എല്‍.എ കെ.കുഞ്ഞമ്മദ്, എ.ഇ.ഒ ലത്തീഫ് കരയത്തൊടി, ബി.പി.സി വി.പി.നിത, കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി, വൈസ് പ്രസിഡന്റ് പി.ടി.ഷീബ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍.ശാരദ, വൈസ് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണന്‍, പേരാമ്പ്ര എ.യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക കെ.പി.മിനി, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളായ സി.പി.എ.അസീസ്, എം.കുഞ്ഞമ്മദ്, കെ.കെ.ശിവദാസന്‍, ഇ.ഷാഹി, കെ.കെ.നാരായണന്‍, കോമത്ത് രമേശന്‍, എം.വി.റഹ്മാന്‍, കെ.രാജേഷ് കായണ്ണ, ജിപിന്‍ ടി.സി, എം.എം.രാമചന്ദ്രന്‍, പി.സി.കരുണാകരന്‍, പി.പി.സജീവന്‍ തുടങ്ങി നിരവധി പേര്‍ നിരഞ്ജനയ്ക്ക് അന്തിമോപചാരമര്‍പ്പിച്ചു.

നിരഞ്ജനയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ പേരാമ്പ്ര എ.യു.പി സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു. അനുശോചനയോഗത്തില്‍ പ്രധാനാധ്യാപിക കെ.പി.മിനി അധ്യക്ഷയായി. സി.പി.എ.അസീസ്, വി.പി.ചന്ദ്രി, ടി.കെ.ഉണ്ണികൃഷ്ണന്‍, ടി.ആര്‍.സത്യന്‍, കെ.എസ്.ശ്രീജാ ബായ്, അമൃത ആര്‍.ജി, പി.കെ.സ്മിത എന്നിവര്‍ സംസാരിച്ചു.