അച്ഛൻ നാട് കാത്തപ്പോൾ അമ്മ വീടിന്റെ രക്ഷകയായി; എന്നാൽ ഇനി കൂട്ട് കൂടാനും, സ്നേഹ ചുംബനങ്ങൾ നൽകാനും സ്കൂളിൽ കൊണ്ട് പോകാനും അമ്മയില്ല; തടമ്പാട്ടു താഴെ റോഡിൽ നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ മരണം വിശ്വസിക്കാനാവാതെ വീടും കുടുംബവും


കോഴിക്കോട്: നാട് കാക്കനായി അതിർത്തിയിൽ അച്ഛൻ പോരാടുമ്പോൾ അർഥികയ്ക്കും അദ്വകയ്ക്കും അച്ഛനും അമ്മയുമായിരുന്നത് അവരുടെ അമ്മ അഞ്ജലി ആയിരുന്നു. സ്നേഹിക്കാനും, ഒപ്പം കളിക്കാനും എൽ.കെ.ജി യിൽ കൊണ്ട് വിടാനും അങ്ങനെ എല്ലാത്തിലും അമ്മയെ ആശ്രയിച്ചിരുന്ന കുരുന്നുകളുടെ മുൻപിലേക്ക് ഇന്നലെ എത്തിയത് അമ്മയുടെ ചേതനയറ്റ ശരീരമായിരുന്നു.

പുഞ്ചിരിയോടെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയ അമ്മ ഒന്നും മിണ്ടാതെ എന്താ കിടക്കുന്നതെന്നു അവർക്കു മനസ്സിലാവുന്നില്ലായിരുന്നു. ഇന്നലെ രാവിലെ തടമ്പാട്ടു റോഡിൽ നടന്ന അപകടത്തിലാണ് തണ്ണീര്‍പന്തലിലെ കോണ്‍ഗ്രസ്സ് നേതാവ് പരപ്പാട്ട് താഴത്ത് പ്രകാശന്റെ മകള്‍ അഞ്ജലി മരിച്ചത്. ഇരുപത്തിയേഴു വയസ്സായിരുന്നു.

സൗമ്യമായും സ്നേഹത്തോടെയുമുള്ള പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചിരുന്നു അഞ്ജലിയുടെ മരണ വാർത്ത അറിഞ്ഞതോടെ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾക്കായിരുന്നു ഇരു വീടുകളും സാക്ഷ്യം വഹിച്ചത്.

കല്ലായിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു അഞ്ജലി. ബ്രേക്കിട്ടപ്പോൾ പിറകെ വന്ന കാർ സ്കൂട്ടറിൽ തട്ടുകയായിരുന്നുവെന്നു സമീപവാസികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ അഞ്ജലി താഴെ വീഴുകയും നഗരത്തിൽ നിന്ന് വന്ന സ്വകാര്യ ബസിന് അടിയിലേക്ക് മറിയുകയായിരുന്നു. കണ്ണീരോടെ അഞ്ജലിക്ക് നാട് വിട ചൊല്ലി.

കാർഗിലിലെ പട്ടാള ഉദ്യോഗസ്ഥനാണ് ഭർത്താവ് വിപിൻ. വേങ്ങേരിയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ അഞ്ജലി എരഞ്ഞിപ്പാലം സിറ്റി വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

ഇന്ന് രാവിലെ തണ്ണീർപന്തലിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം അരീക്കാടുള്ള വീട്ടിൽ മൃതദേഹം സംസ്കരിച്ചു. അമ്മ: സുജാത. സഹോദരന്‍: നിധിന്‍.