അകലാപ്പുഴ സുരക്ഷിതമാണ്, അപകട സാധ്യതയും കുറവ്; ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നത് എല്ലാവിധ സുരക്ഷാ പരിശോധനയും പൂര്‍ത്തിയാക്കിയശേഷമെന്ന് ബോട്ടുടമകള്‍


മൂടാടി: അകലാപ്പുഴയില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ബോട്ടുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് സര്‍വ്വീസ് നടത്തുന്നതെന്ന് ബോട്ടുടമകള്‍. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ബോട്ടുടമകള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

അകലാപ്പുഴയില്‍ തോണിമറിഞ്ഞ് ഒരാള്‍ മരണപ്പെട്ട സംഭവത്തിനുശേഷം ഒന്നരമാസത്തോളം സര്‍വ്വീസ് നിര്‍ത്തിവിച്ചിരുന്നു. ബോട്ടുകളുടെ എല്ലാവിധ സുരക്ഷാ പരിശോധനയും പൂര്‍ത്തിയാക്കി ലൈസന്‍സ് ഉള്‍പ്പെടെ ക്ലിയര്‍ ചെയ്തശേഷമാണ് സര്‍വ്വീസ് പുനരാരംഭിച്ചതെന്ന് ബോട്ടുടമയായ ജ്യോതിഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

നിലവില്‍ പതിനാല് ബോട്ടുകളാണ് അകലാപ്പുഴയില്‍ സര്‍വ്വീസ് നടത്തുന്നത്. ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ, ഫയര്‍ എസ്റ്റിഗ്യുഷര്‍, ഫയര്‍ ബക്കറ്റ്, വെള്ളം ഉള്ളിലേക്ക് കടന്നാല്‍ സൂചന നല്‍കാനുള്ള ബില്‍ജ് അലാറം, അങ്ങനെ വെള്ളം കടന്നാല്‍ പുറന്തള്ളാനുള്ള ബില്‍ജ് പമ്പ് എന്നിവ എല്ലാ ബോട്ടുകളിലുമുണ്ട്. സര്‍വ്വീസ് നടത്തുന്ന എല്ലാ ബോട്ടുകളും പുതിയ ബോട്ടുകളാണ്. ഇതിന്റെ നിര്‍മ്മാണം മുതല്‍ അവസാന ഘട്ടംവരെ ചീഫ് എക്‌സാമിനര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ബോട്ടിന്റെ വലുപ്പം, നീളം എന്നിവ വ്യത്യാസമുണ്ട്. എന്നാല്‍ ഓരോ ബോട്ടുകളിലും എത്ര ആളുകളെ കയറ്റാമെന്നത് വലുപ്പത്തിന്റെ അടിസ്ഥാനത്തിലല്ല നിശ്ചയിക്കുന്നത്. ഇതിനായി ബോട്ടുകള്‍ക്ക് സ്റ്റബിലിറ്റി ടെസ്റ്റ് നടത്താറുണ്ട്. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ബോട്ടില്‍ എത്രയാളുകളെ കയറ്റാമെന്ന് തീരുമാനിക്കുന്നത്. ഇത് പ്രകാരമുള്ള ആളുകളെ കയറ്റിമാത്രമേ സര്‍വ്വീസ് നടത്താറുള്ളൂ. പെരുന്നാള്‍, ഓണം പോലെ ആഘോഷവേളയില്‍ തിരക്കേറിയ സമയത്ത് ചില സമയത്ത് മാത്രമേ നിശ്ചിത ആളുകള്‍ക്കും അധികം കയറിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ബോട്ട് സര്‍വ്വീസ് നടത്താന്‍ വളരെ സുരക്ഷിതമായ സ്ഥലമാണ് അകലാപ്പുഴ. ഇവിടെ അധികം ആഴമുള്ള സ്ഥലങ്ങളില്ല. പലപ്പോഴും ബോട്ടുകള്‍ അടിതട്ടി നിന്നുപോകുന്ന അവസ്ഥയുണ്ടാവാറുണ്ട്. അതിനാല്‍ ബോട്ടുകള്‍ മുങ്ങിപ്പോകാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിലിലാണ് ഏറ്റവുമൊടുവില്‍ ബോട്ടുകളില്‍ പരിശോധന നടത്തിയത്. ഫയര്‍ഫോഴ്‌സ്, പൊലീസ്, പഞ്ചായത്ത് അധികൃതര്‍, വില്ലേജ് തുടങ്ങിയ എല്ലാവരെയും പങ്കെടുപ്പിച്ചുള്ള സംയുക്ത പരിശോധനയാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.