മത്സ്യസമ്പത്ത് കുറയാന്‍ കാരണമാകുന്ന തരത്തിലുള്ള കൃത്രിമ വെളിച്ചം ബോട്ടുകളില്‍ ഉപയോഗിച്ചു; ബേപ്പൂര്‍ സ്വദേശിയുടെ ബോട്ട് കസ്റ്റഡിയില്‍



ബേപ്പൂര്‍:
മത്സ്യ ബന്ധനം നടത്താന്‍ കൃത്രിമ വെളിച്ചം നല്‍കുന്ന ലൈറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോട്ട് കസ്റ്റഡിയില്‍ എടുത്തു. ബേപ്പൂര്‍ സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് എന്ന ബോട്ടാണ് പിടികൂടിയത്.

അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികള്‍ തടയുന്നതിന്റെ ഭാഗമായി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.കെ.ആതിര, മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിങ്ങ് ഹെഡ് ഗാര്‍ഡ് രാജന്‍, ഫിഷറി ഗാര്‍ഡ് അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ബേപ്പൂര്‍ ഹാര്‍ബറില്‍ നടത്തിയ പരിശോധനയിലാണ് ബോട്ട് കസ്റ്റഡിയില്‍ എടുത്തത്.

ബോട്ട് ഉടമസ്ഥനെതിരെ കേരള മറൈന്‍ ഫിഷിംഗ് റഗുലേറ്റിംഗ് ആക്ട് പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.സുനിര്‍ അറിയിച്ചു.

മത്സ്യസമ്പത്ത് കുറയാന്‍ കാരണമാകുന്ന ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ തുടര്‍ന്നും നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീശന്‍ അറിയിച്ചു. പട്രോളിംഗ് ടീമില്‍ റെസ്‌ക്യു ഗാര്‍ഡുമാരായ രജേഷ്, വിനേഷ് എന്നിവരും ഉണ്ടായിരുന്നു.