വെള്ളിയൂര്‍ ടൗണില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡുകള്‍ തകര്‍ത്ത നിലയില്‍; കലോത്സവം തകര്‍ക്കാനുള്ള ശ്രമമെന്ന് സി.പി.എം


പേരാമ്പ്ര: പേരാമ്പ്ര ഉപ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ സ്വാഗതംചെയ്ത് എസ്എഫ്‌ഐ വെള്ളിയൂര്‍ ടൗണില്‍ സ്ഥാപിച്ച ബോര്‍ഡുകളും ഗേറ്റും രാത്രിയുടെ മറവില്‍ കോണ്‍ഗ്രസ് നശിപ്പിച്ചതായി പരാതി. ചൊവ്വഴ്ച അര്‍ധരാത്രിയിലാണ് ബോര്‍ഡുകളും മറ്റു പ്രചാരണ സാമഗ്രികളും നശിപ്പിച്ചത്.

കലോത്സവത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കം തുടക്കം മുതല്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സിപിഐഎം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. അന്ന് രാത്രി വിദ്യാഭ്യാസ അധികൃതരെ വിളിച്ച് കലോത്സവം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും സ്ഥലത്ത് ഹര്‍ത്താല്‍ നടത്താനുള്ള നീക്കവും കോണ്‍ഗ്രസുകാര്‍ നടത്തിയെന്നും ആരോപിച്ചു.

കോണ്‍ഗ്രസിന്റെ നടപടിയില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ച് സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.