കൊല്ലം കുട്ടത്ത് കുന്നുമ്മല്‍ താഴത്ത് പാവുവയല്‍ പ്രദേശത്തെ യാത്രാ ദുരിതം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മറ്റി
കൊല്ലം: ദേശീയ പാതയുടെ ഭാഗമായ നന്തി -ചെങ്ങോട്ടുകാവ് ബൈ പാസ്സ് കടന്നു പോവുന്ന കൊല്ലം കുട്ടത്ത് കുന്നുമ്മല്‍ താഴത്തെ യാത്രാദുരിതത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ബി.ജെ.പി. ഈ പ്രദേശം ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണെന്നും ദേശീയ പാതയുടെ സര്‍വ്വീസ് റോഡില്‍ പ്രവേശിക്കാനുള്ള യാതൊരു സംവിധാനവും ഇവിടെ ഇല്ലെന്നും ബി.ജെ.പി ആരോപിച്ചു.
നെല്ല്യാടി റോഡിലെ നരിമുക്കില്‍ നിന്നാരംഭിക്കുന്ന റോഡ് അവസാനിക്കുന്നത് ദേശീയ പാതയിലെ സര്‍വ്വീസ് റോഡിന് സമീപത്താണ്. എന്നാല്‍ ഇവിടെ സര്‍വ്വീസ് റോഡ് 4-5 മീറ്റര്‍ ഉയരമുള്ളതാണ്. മണ്ണിട്ട് ഉയര്‍ത്തി റോഡ് നിര്‍മ്മിച്ചാലെ ഇവിടുത്തുകാര്‍ക്ക് സര്‍വ്വീസ് റോഡില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നും നെല്ല്യാടി പ്രവേശിക്കണമെങ്കില്‍ റോഡിലെ മുട്ടോളം വെള്ളംനീന്തിക്കടന്ന് പോകേണ്ട അവസ്ഥയാണെന്നും ഇവിടത്തെ ഓടകള്‍ മണ്ണും ചളിയും നീക്കാത്തതുകാരണം നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്നും സ്ഥലം സന്ദര്‍ശിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞു.
ആയതിനാല്‍ ഈ പ്രദേശത്തുകാരുടെ യാത്രാ ദുരിതങ്ങള്‍ പരിഹരിക്കാനാവശ്യമായ അടിയന്തിര നടപടികള്‍ സ്ഥലം എം.എല്‍.എ. യുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മറ്റി ശക്തമായി ആവശ്യപ്പെട്ടു . ബി.ജെ.പി.നേതാക്കളായ മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍ ജയ്കിഷ്, ജനറല്‍ സെക്രട്ടറി കെ.വി സുരേഷ്, ടി.എം രവീന്ദ്രന്‍, കെ പി.എല്‍ മനോജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.