‘കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്, ജാഫറും, അജിതും, രാജനും മായാതെ മനസില്‍’; വെള്ളികുളങ്ങര കിണര്‍ ദുരന്തത്തിന് ഇന്ന് 22 വയസ്
വടകര: നാടിനെ ഒന്നടങ്കം നടുക്കിയ, അഞ്ച് ജീവനുകള്‍ പൊലിഞ്ഞ വെള്ളികുളങ്ങര കിണര്‍ ദുരന്തത്തിന് ഇന്ന് 22 വയസ്. 2002ലെ ഇങ്ങനെയൊരു മെയ് 11നായിരുന്നു കേരള ഫയര്‍ റെസ്‌ക്യൂ സര്‍വ്വീസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ വെള്ളികുളങ്ങര കിണര്‍ ദുരന്തം സംഭവിച്ചത്.
നിനച്ചിരിക്കാതെ വന്ന അപകടത്തില്‍ വടകര അഗ്നിശമനാ നിലയത്തിലെ എം ജാഫര്‍, ബി.അജിത് കുമാര്‍, കെ.കെ രാജന്‍, രണ്ട് കിണര്‍ തൊഴിലാളികള്‍ എന്നിങ്ങനെ അഞ്ച് ജീവനുകളായിരുന്നു പൊലിഞ്ഞത്. രാവിലെയോടെ ഒപികെ സ്റ്റോപിന് സമീപത്തുള്ള വീട്ടിലെ കിണര്‍ കുഴിക്കാനെത്തിയതായിരുന്നു തൊഴിലാളികള്‍. ഇതിനിടെ രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ വടകര അഗ്നിശമന സേനയെ വിവരം അറിയിച്ചു.
സന്ദേശം കിട്ടിയുടന്‍ തന്നെ സേനാംഗങ്ങള്‍ അപകടസ്ഥലത്തേക്ക് കുതിച്ചു. നാട്ടുകാരുടെ സഹായത്തോടെ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മണ്ണ് മാറ്റി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി രണ്ടാമത്തെ തൊഴിലാളിയെ രക്ഷപ്പെടുത്തുന്നതിനിടെയായിരുന്നു വീണ്ടും മണ്ണിടിഞ്ഞത്. പിന്നാലെ സേനാംഗങ്ങളായ ജാഫറും, അജിതും, രാജനും മണ്ണിനടിയില്‍പെട്ടു. പിന്നാലെ ജെസിബിയും മറ്റും എത്തി ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അഞ്ച് പേരും മരിച്ചിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തരെ ഒരുനിമിഷം കൊണ്ട് നഷ്ടപ്പെട്ട വേദനയിലാണ് ഇന്നും വടകര അഗ്നിശമനാ നിലയിത്തിലെ മുന്‍ ഗ്രേസ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.ടി രാജീവന്‍. പുതിയതും ചെറിയ കിണറുമായതിനാല്‍ അത്ര വലിയ സുരക്ഷ ഒരുക്കിയിരുന്നില്ല. എന്നാല്‍ രക്ഷാപ്രവര്‍ത്തനം കാണാനായി നാട്ടുകാര്‍ മുഴുവന്‍ കിണറിന് ചുറ്റും കൂടിയതോടെ നാലുഭാഗത്ത് നിന്നും മണ്ണിടിയാന്‍ തുടങ്ങി. ഇതോടെ കുടുങ്ങിപ്പോയ തൊഴിലാളുകളും സേനാഗംങ്ങളും മണ്ണിനടിയിലായി. ചളി മണ്ണായത് കൊണ്ട് രക്ഷാപ്രവര്‍ത്തനം അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. അവസാനം ജെസിബിയൊക്കെ വന്നായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും പ്രിയപ്പെട്ട ജാഫറും, അജിതും രാജനും ഇന്നും മായാതെ മനസില്‍ നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.