റിസ്‌ക്കെടുത്ത് പടമെടുത്തു; കിളി പറത്തിയ ത്രില്ലർ ക്ലൈമാക്സുമായി വെള്ളിത്തിരയിൽ തിളങ്ങി മേപ്പയ്യൂർക്കാരൻ സംവിധായകൻ


പേരാമ്പ്ര: ‘സിനിമ എന്ന എന്റെ ആഗ്രഹം ഒരു തമാശയായിരുന്നു എന്നാണ് ആദ്യമൊക്കെ ആളുകൾ വിചാരിച്ചിരുന്നത്. എന്നാൽ ജോലിയൊക്കെ വിട്ട് ബാംഗ്ലൂരിൽ വരുമ്പോഴാണ് അതുവരെ കണ്ട തമാശകളൊക്കെ മാറി ഞാൻ എന്തോ സീരിയസായിട്ടാണ് സിനിമയെ സമീപിക്കുന്നതെന്ന് ആളുകൾക്ക് തോന്നി തുടങ്ങുന്നത്.’ ഓസ്ട്രേലിയയിൽ നിന്നും ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുമ്പോൾ മുന്നോട്ടുള്ള ഭാവി അത്ര എളുപ്പത്തിൽ കയ്യെത്തിപിടിക്കാവുന്ന ഒന്നല്ലെന്നറിയാമായിരുന്നു മേപ്പയ്യൂരുകാരൻ പി ബിപിൻ കൃഷ്ണയ്ക്ക്. എന്നാൽ സിനിമ എന്ന തന്റെ സ്വപ്നം അത്ര മേൽ ഉറച്ചു പോയിരുന്നു. അതിനായി റിസ്ക് എടുക്കാൻ തയ്യാറായിരുന്നു ബിബിൻ. നീണ്ട സ്വപ്നങ്ങൾക്കും കഠിനാധ്വാനത്തിനുമൊടുവിൽ കന്നി സംവിധാന സംരംഭം തിയറ്ററുകളിൽ എത്തുന്ന സന്തോഷത്തിലാണ് സംവിധായകൻ.

സസ്‍പെൻസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറും അമ്പരിപ്പിക്കുന്ന ട്വിസ്റ്റും ചേർന്ന് തിയറ്റർ വിട്ടിറങ്ങിയാലും പ്രേക്ഷകനെ ആലോചിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നായി മാറിയ 21 ഗ്രാംസ് എന്ന ത്രില്ലർ സിനിമയാണ് ഇപ്പോൾ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

ഓസ്ട്രേലിയയിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ബിബിൻ കൃഷ്ണ നാട്ടിൽ പറന്നെത്തിയത്. സിനിമയോടുള്ള അടങ്ങാത്ത മോഹം മാത്രമായിരുന്നു അതിനു പിന്നിൽ. അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി തീയേറ്ററുകളിൽ എത്തിയ മലയാളികൾ ഇതു വരെ കണ്ടിട്ടില്ലാത്ത സസ്പെൻസ് ത്രില്ലറാണ് ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ’21 ഗ്രാംസ്.

ജന്മ സ്ഥലമായ മേപ്പയ്യൂരിൽ അച്ഛന്റെ ഏട്ടന്റെ ജനതതിയറ്ററിൽ നിന്നാണ് ബിബിന്റെ സിനിമ പ്രേമം മൊട്ടിട്ടത്. ജനതയിലെ ബാൽക്കണി ബിബിന്റെ സ്വന്തമാണ്. സ്കൂൾ വിട്ടു വന്നാൽ ഉടൻ ഓടി ബാൽക്കണിയിൽ പോയി ഇരുന്നു സിനിമ കാണും,പ്രൊജക്റ്റർ റൂമിൽ കയറും, പ്രൊജക്റ്റർ ലോഡ് ചെയ്യുന്നത് കാണാം. അന്ന് മുതൽ അവിടെ വരുന്ന എല്ലാ സിനിമകളും കാണുമായിരുന്നു. അങ്ങനെ സിനിമ ഹൃദയത്തിലേക്ക് വല്ലാതെ ആഴ്ന്നിറങ്ങുകയായിരുന്നു. ബെംഗലൂരിൽ ജോലി ചെയ്തു തുടങ്ങിയപ്പോഴാണ് സിനിമ ചെയ്യണം എന്ന് തോന്നിയത്.  ഷോർട്ട് ഫിലിം എഴുതുകയും സംവിധായനം ചെയ്യുകയും ചെയ്തു.

ഒരു ഷോർട്ട്ഫിലിം മാത്രം ചെയ്ത് എക്സ്പീരിയൻസ് ഉള്ള തനിക്ക് ഒരു സിനിമ ചെയ്യുക എന്നത് വെല്ലുവിളികൾ ഒരുപാട് നേരിടേണ്ടി വന്ന കാര്യമായിരുന്നു. എന്നാൽ ബിബിൻ തന്നെ എഴുതിയ കഥയിലുള്ള ആത്മവിശ്വാസമാണ് സുഹൃത്ത്‌ കൂടിയായ നിർമ്മാതാവ് റിനീഷിനോട് കഥ പറഞ്ഞു കേൾപ്പിക്കാമെന്ന തീരുമാനത്തിലേക്ക് തന്നെ എത്തിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.

കഥ റിനീഷ് എന്ന പ്രൊഡ്യൂസറിനോട് പറയുന്നതിന് മുമ്പായി വ്യക്തമായ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ .ബിബിൻ പൂർത്തിയാക്കിയിരുന്നു. വളരെ കുറഞ്ഞ ചിലവില്‍ 21 ഗ്രാംസിന്റെ ഒരു ട്രെയ്‌ലര്‍ കട്ട് പോലെ പ്രധാന സീന്‍സ് മാത്രം പരിമിതികള്‍ക്കുള്ളില്‍ നിന്ന് കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെ ഷൂട്ട് ചെയ്യുകയും അതാണ് നിർമ്മാതാവിനെ കാണിച്ചത്. ഇതുവരെ ഒരു സംവിധായകനും ചെയ്യാത്ത തരത്തിൽ വ്യത്യസ്തമായ കഥ പറയലായിരുന്നു ബിബിന്റേത്.

ട്രൈലെർ കട്ട്‌ പോലെയുള്ള വീഡിയോ കണ്ടതോടെ റിനീഷ് സിനിമ ചെയ്യാൻ സമ്മതിക്കുകയും ചെയ്തു. ആരെയും അസ്സിസ്റ്റ്‌ ചെയ്യുകയോ മറ്റു സിനിമ അനുബന്ധ ജോലികളോ ഒന്നും ചെയാതിരുന്ന ഈ നവാഗത സംവിധായനെ സംബന്ധിച്ചിടത്തോളം തന്റെ ഉള്ളിലെ കഥയും കഴിവും കാണിക്കാൻ വേറെ വഴി ഉണ്ടായിരുന്നില്ല.

32 ദിവസങ്ങളുടെ ഷൂട്ട്‌ പ്ലാൻ ചെയ്ത ചിത്രം ഏകദേശം 30 ദിവസങ്ങൾ കൊണ്ടാണ് പൂർത്തീകരിക്കുന്നത്. ഇതിനു മുൻപ് കൊച്ചി കണ്ടിട്ടില്ലാത്ത താൻ മുഴുവൻ സീനുകളും കൊച്ചിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് തനിക്ക് പോലും അവിശ്വസനീയമായ കാര്യമാണെന്ന് ബിബിൻ കൃഷ്ണ കൂട്ടി ചേർക്കുന്നു.

ഒത്തിരി സിനിമകൾ കാണുകയും ചെറിയ വിഷ്വൽസ് ഒക്കെ ഷൂട്ട് ചെയ്യുകയും ചെയ്യുമായിരുന്നു. പക്ഷേ ഒരു സിനിമ ചെയ്യാൻ പോകുന്നുവെന്ന് പറയാനുള്ള ദൈര്യം കൈവരിക്കാൻ കുറേ കൊല്ലം എടുത്തു എന്ന് ബിബിൻ പറയുന്നു. സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ്. സിനിമാക്കാർ ഉള്ള നാട്ടിൽ നിന്നോ, സിനിമാക്കാരെ അറിയാവുന്ന ആളോ അല്ല താനെന്നും എല്ലാം ഒത്തുവന്നപ്പോൾ സിനിമ ചെയ്യുകയായിരുന്നുമെന്നാണ് ബിബിന്റെ ഭാഷ്യം.

അടുത്തതായി ഒരു ഫെസ്റ്റിവൽ സിനിമ ചെയ്യണമെന്നാണ് ബിബിന്റെ ആഗ്രഹം. ആഗ്രഹങ്ങൾക്ക് പുറകിൽ വിശ്വാസമർപ്പിച്ച് കൂടുതൽ സ്വപ്‌നങ്ങൾ കണ്ട് മുന്നോട്ടു പറക്കുകയാണ് ഈ മേപ്പയ്യൂർകാരൻ.