അകാശത്ത് വര്‍ണ വിസ്മയം തീര്‍ക്കുന്ന കൈറ്റ് ഫെസ്റ്റിവെല്‍, ഡ്രോണ്‍ ഷോ, സംഗീതപരിപാടികള്‍; അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവെലിനൊരുങ്ങി ബേപ്പൂര്‍


ബേപ്പൂര്‍: അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവല്‍ നാലാം സീസണിനെ വരവേല്‍ക്കാനൊരുങ്ങി ബേപ്പൂരിലെയും ചാലിയത്തെയും കടലും കടല്‍ത്തീരവും. ജനുവരി നാല്, അഞ്ച് തീയതികളില്‍ ഡ്രോണ്‍ ഷോ, കൈറ്റ് ഫെസ്റ്റിവല്‍, വിവിധ ജലകായിക മത്സരങ്ങള്‍, സംഗീതകലാ പരിപാടികള്‍ തുടങ്ങി സാഹസികതയുടെയും വിനോദത്തിന്റെയും പുതിയ അനുഭവങ്ങള്‍ക്ക് ഇവിടം സാക്ഷ്യം വഹിക്കും. അന്താരാഷ്ട്ര സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇതിനകം ഇടം നേടിയ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് വാട്ടര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ജനുവരി നാലിന് എട്ട് മണിക്ക് ബേപ്പൂര്‍ ബ്രേക്ക് വാട്ടറില്‍ സിറ്റ് ഓണ്‍ ടോപ്പ് കയാക്ക് മത്സരങ്ങളോടെയാണ് വാട്ടര്‍ ഫെസ്റ്റിന് തുടക്കമാവുക. 10 മണിയോടെ ബേപ്പൂര്‍ ബീച്ചില്‍ സെയ്‌ലിംഗ് മത്സരം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ആറു മണി വരെയാണ് ബേപ്പൂര്‍ ബീച്ചിന്റെ ആകാശത്ത് നൂറുകണക്കിന് പട്ടങ്ങള്‍ വര്‍ണ വിസ്മയം തീര്‍ക്കുന്ന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ നടക്കുക. ഉച്ച രണ്ട് മണി മുതല്‍ ബേപ്പൂര്‍ ബ്രേക്ക് വാട്ടറില്‍ ഫ്‌ളൈ ബോര്‍ഡ് ഡെമോ, ഡിങ്കി ബോട്ട് റേസ് എന്നിവയും ബേപ്പൂര്‍ മറീനയില്‍ പാരാമോട്ടോറിംഗ്, കോസ്റ്റ്ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ ഫ്ളൈ പാസ്റ്റും നടക്കും. ഉച്ച മൂന്നു മണി മുതല്‍ ബേപ്പൂര്‍ കടലില്‍ സര്‍ഫിംഗും നാലു മണി മുതല്‍ ബ്രേക്ക് വാട്ടറില്‍ വലയെറിയലും കോസ്റ്റ് ഗാര്‍ഡിന്റെ ഡെമോയും അരങ്ങേറും. 7.30 മുതല്‍ 8.30 വരെ ബേപ്പൂര്‍ ബീച്ചിന്റെ ചക്രവാളത്തില്‍ അത്ഭുതങ്ങള്‍ വിരിയിച്ച് ഡ്രോണ്‍ ഷോ അരങ്ങേറും. തുടര്‍ന്ന് കെ എസ് ഹരിശങ്കര്‍ ആന്റ് ടീമിന്റെ സംഗീതപരിപാടി ഇവിടെ നടക്കും. വൈകിട്ട് ഏഴ് മണി മുതല്‍ ചാലിയം ബീച്ചില്‍ ജ്യോത്സ്ന രാധാകൃഷ്ണന്‍ ബാന്‍ഡിന്റെ സംഗീത പരിപാടിയും അരങ്ങേറും.

രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ ബേപ്പൂര്‍ ബീച്ചില്‍ രാവിലെ 10 മണിയോടെ സെയിലിംഗ് മത്സരം നടക്കും. 11 മണി മുതല്‍ പുലിമുട്ടില്‍ ചൂണ്ടയിടല്‍ മത്സരവും ബ്രേക്ക് വാട്ടറില്‍ ഉച്ച 11 മണി മുതല്‍ വലയെറിയല്‍ മത്സരവും ഒരു മണി മുതല്‍ നാടന്‍ വള്ളങ്ങളുടെ മത്സരവും രണ്ട് മണി മുതല്‍ ഫ്ളൈ ബോര്‍ഡ് ഡെമോയും അരങ്ങേറും. ബേപ്പൂര്‍ ബീച്ചില്‍ ഉച്ച രണ്ട് മണി മുതല്‍ കൈറ്റ് ഫെസ്റ്റിവല്‍, ബേപ്പൂര്‍ കടലില്‍ മൂന്നു മണി മുതല്‍ സര്‍ഫിംഗ്, ബേപ്പൂര്‍ മറീനയില്‍ പാരാമോട്ടോറിംഗ് എന്നിവ നടക്കും. ബേപ്പൂര്‍ ബീച്ചില്‍ അഞ്ച് മണിക്ക് നടക്കുന്ന വര്‍ണാഭമായ ഘോഷയാത്രയ്ക്കു ശേഷം ആറു മണിയോടെ സമാപന സമ്മേളനത്തിന് തുടക്കമാവും. സമ്മേളനത്തില്‍ മന്ത്രിമാര്‍, സിനിമാ താരങ്ങള്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിവയര്‍ പങ്കെടുക്കും. തുടര്‍ന്ന് 7.30 മുതല്‍ ഡ്രോണ്‍ ഷോയും തുടര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആന്റ് ടീമിന്റെ സംഗീത പരിപാടിയും അരങ്ങേറും.

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ട് ദിവസങ്ങളിലും രാവിലെ 9 മുതല്‍ 5 മണി വരെ കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്ത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനെത്തും. പ്രദര്‍ശനം സൗജന്യമായിരിക്കും. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഭക്ഷ്യമേള ബേപ്പൂര്‍ പാരിസണ്‍സ് കോംപൗണ്ടില്‍ ജനുവരി അഞ്ച് ഞായര്‍ വരെ നീണ്ടു നില്‍ക്കും.

Summary: beypore international water fest 2025