നിപ ജാഗ്രത: ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം, മത്സ്യബന്ധനത്തിന് പോയവര്‍ ചെയ്യേണ്ടത്


കോഴിക്കോട്: നിപ ജാഗ്രതയുടെ ഭാഗമായി ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം. മത്സ്യബന്ധന ബോട്ടുകള്‍ ഇവിടെ അടുപ്പിക്കാനോ മീന്‍ ലേലം ചെയ്യാനോ പാടില്ല. പകരം മത്സ്യബന്ധന ബോട്ടുകള്‍ വെള്ളയില്‍ ഹാര്‍ബറില്‍ അടുപ്പിക്കുകയും മീന്‍ ലേലം നടത്തുകയും വേണമെന്നാണ് നിര്‍ദേശം.

ലേലത്തിനും മത്സ്യക്കച്ചവടത്തിനും വെള്ളയില്‍, പുതിയാപ്പ ഹാര്‍ബറുകള്‍ ഉപയോഗിക്കാം. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ ഫിഷറീസ് വകുപ്പ് ചെയ്തു നല്‍കണം. ഹാര്‍ബര്‍ പൂട്ടിയിടാന്‍ തീരുമാനിച്ച വിവരം മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വഴി അറിയിക്കണമെന്നും ഫിഷറീസ് വകുപ്പിനോട് കലക്ടര്‍ നിര്‍ദേശിച്ചു.

ബേപ്പൂര്‍ മേഖലയില്‍ ഏഴ് വാര്‍ഡുകളും അടച്ചു. 43, 44, 45,46,47,48, 51 വാര്‍ഡുകളാണ് അടയ്ക്കുന്നത്. ഈ വാര്‍ഡുകളിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കാനാണ് തീരുമാനം. കോഴിക്കോട്ടെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍. ചെറുവണ്ണൂരില്‍ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കത്തിലുള്ള മേഖലകളാണ് അടച്ചത്.

മരണനിരക്ക് കൂടുതലുള്ള അതീവ ഗൗരവമുള്ള രോഗബാധയാണ് നിപ. അതുകൊണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.