രാവിലത്തെ ഭക്ഷണം ഇനി പഴങ്കഞ്ഞി ആക്കിയാലോ; അറിയാം പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍


പണ്ട് കാലങ്ങളില്‍ മിക്ക വീടുകളിലും രാവിലത്തെ ഭക്ഷണമായി തിരഞ്ഞെടുത്തിരുന്നത് പഴങ്കഞ്ഞി ആയിരുന്നു. അല്ലെങ്കില്‍ ഇടനേരത്തെങ്കിലും ഈ ഭക്ഷണം കഴിച്ചിരുന്നു. ചോറ് പഴങ്കഞ്ഞി ആയി മാറുമ്പോള്‍ കാഴ്ചയിലും മണത്തിലും രുചിയിലും മാത്രമല്ല പോഷകമൂല്യങ്ങളിലും വലിയ രീതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. വിറ്റാമിനുകളുടെയും മിനറല്‍സിന്റെയും അളവും ഗുണവും ഒരുപോലെ വര്‍ദ്ധിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകള്‍ പോലും വളരെ എളുപ്പത്തില്‍ ദഹിക്കാന്‍ പറ്റുന്ന രീതിയിലേക്ക് മാറുന്നു. തവിട് ഉള്‍പ്പെട്ട ചോറിനെ പഴങ്കഞ്ഞി ആക്കുമ്പോഴാണ് കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുന്നത്.

ലാക്ടിക് ആസിഡ് ബാക്ടീരിയ ഇതിലെ പ്രോട്ടീന്റെ അളവ് കൂട്ടുകയും ഫാറ്റ് കുറക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ബി കോംബ്ലക്സ്, വിറ്റാമിന്‍ ആ6, വിറ്റാമിന്‍ ആ12 എന്നിവയെല്ലാം ചോറില്‍ നിന്ന് വളരെ കുറച്ച് മാത്രമേ ലഭിക്കുകയുള്ളു. പഴങ്കഞ്ഞി ആവുമ്പോഴേക്കും ഇവയുടെ അളവ് വര്‍ദ്ധിക്കുന്നു.

ശരീരത്തിലെ നല്ല ബാക്ടീരിയകളെ കൂട്ടാനും പഴങ്കഞ്ഞി സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ ജലാംശം നിയന്ത്രിച്ചു കൊണ്ടുപോവാനും ഇത് ഉപകരിക്കുന്നു. കായികാധ്വാനം ഉള്ളവര്‍ക്കും വെയിലില്‍ പണിയെടുക്കുന്നുവര്‍ക്കും ഏറ്റവും നല്ല ഭക്ഷണമായി പഴങ്കഞ്ഞി തിരഞ്ഞെടുക്കാം. മുലയൂട്ടുന്ന സ്ത്രീകളില്‍ പോഷകങ്ങള്‍ ലഭിക്കാന്‍ പഴങ്കഞ്ഞി കുടിക്കുന്നത് വളരെ നല്ലതാണ്.

നെഞ്ചെരിച്ചില്‍ ഉള്ളവര്‍ക്കും അള്‍സര്‍ രോഗമുള്ളവര്‍ക്കും ദഹനപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കുമെല്ലാം പഴങ്കഞ്ഞി കഴിക്കുമ്പോള്‍ ഏറെ ആശ്വാസം ലഭിക്കുകയും ഇത്തരം അസുഖങ്ങളില്‍ നിന്ന് മോചനം നേടാനും സാധിക്കും. തലമുടിയുടെ ശരിയായ വളര്‍ച്ചക്കും ആരോഗ്യത്തിനും പഴങ്കഞ്ഞി സഹായിക്കുന്നു.

സിങ്ക്, സെലീനിയം, പൊട്ടാസ്യം എന്നിവയെല്ലാം വളരെ വലിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന് ഏറെ പ്രയോജനകരമായ ഒന്നാണിത്. പഴങ്കഞ്ഞി ശരീരത്തിലെ കോശങ്ങളെ തണുപ്പിക്കുകയും അവക്ക് ഊര്‍ജ്ജം കൂടുതലായി ലഭിക്കുകയും ചെയ്യുന്നു.