ബപ്പന്‍കാട് റെയില്‍വേ അടിപ്പാത ഇത്തവണ ഉപയോഗിച്ചത് വെറും മൂന്നുമാസം; അടിപ്പാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ധര്‍ണ
കൊയിലാണ്ടി: ബപ്പന്‍കാട് റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ നടത്തി.
ഈ വര്‍ഷം മൂന്നു മാസം മാത്രമേ ഇതുവഴി സഞ്ചരിക്കാന്‍ കഴിഞ്ഞുള്ളു. വെള്ളത്തിനടിയിലായതോടെ പാത അടച്ചുപൂട്ടുകയായിരുന്നു.
പ്രദേശത്തുകാര്‍ റെയില്‍ പാളം മുറിച്ചുകടന്ന് മറുപുറം കടക്കേണ്ട സ്ഥിതിയാണ്. നേരത്തെ ഇവിടെയുണ്ടായിരുന്ന റെയില്‍വേ ഗേറ്റ് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ചെറുവാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും വേണ്ടി ഈ പാത പണിതത്. 50ലക്ഷം ചെലവാക്കി നിര്‍മ്മിച്ച അടിപ്പാത നിര്‍മ്മാണത്തിലെ അപാകത കാരണം വേനലില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുന്നുള്ളൂ.
ഇവിടെ പാളം മുറിച്ചു കടക്കുന്നത് ഏറെ അപകടകരമാണ്. കുന്നുംവളവും കഴിഞ്ഞയുടനെയാണ് പാളം മുറിച്ചുകടക്കുന്നയിടം. ട്രെയിന്‍ വരുന്നത് എളുപ്പം ശ്രദ്ധയില്‍പ്പെടില്ല. കോതമംഗലം എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന വഴിയാണിത്.
ധര്‍ണ സി.വി.ബാലകൃഷ്ന്‍ ഉദ്ഘാടനം ചെയ്തു. കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വി.വി.സുധാകരന്‍, വി.ടി.സുരേന്ദ്രന്‍, സുരേഷ് ബാബു മണമല്‍, പി.വി. ആലി, അരുണ്‍ മണമല്‍, കെ.പി.വിനോദ് കുമാര്‍ കെ.വി.ശിവാനന്ദന്‍, പി.വി.സതീഷ്, മനോജ് പയറ്റു വളപ്പില്‍, നിധിന്‍ എന്നിവര്‍ സംസാരിച്ചു.