ലക്ഷങ്ങൾ മുടക്കി അടിപ്പാത നിർമ്മിച്ചു, അപ്പുറമെത്താൻ ഇപ്പോഴും റെയിൽപാളം കടക്കണം; ബപ്പൻകാട് അടിപ്പാതയിലെ വെള്ളക്കെട്ടിൽ വലഞ്ഞ് നാട്ടുകാർ
കൊയിലാണ്ടി: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ബപ്പൻകാട് റെയിൽവേ അടിപ്പാതയിൽ വെള്ളം കെട്ടി നിൽക്കുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാതെ മറുവശത്തെത്തുന്നതിനായി നിർമ്മിച്ച അടിപ്പാതയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. നേരത്തെ ഇവിടെ ഉണ്ടായിരുന്ന റെയിൽവേ ഗേറ്റ് ഒഴിവാക്കിയതിനെ തുടർന്നാണ് ചെറുവാഹനങ്ങൾക്കും കാൽനടക്കാർക്കും വേണ്ടി അടിപാത പണിതത്. നിർമ്മാണത്തിലെ അപാകതകൾ കാരണം നിലവിൽ നാലോ അഞ്ചോ മാസം മാത്രമാണ് പാത ഉപയോഗിക്കാൻ കഴിയുന്നത്.
റെയിൽവേയാണ് ബപ്പൻകാട് അടിപ്പാത നിർമ്മിക്കുന്നത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനി കരാർ ഏറ്റെടുത്ത് പ്രധാന പ്രവൃത്തികൾ പൂർത്തികരിച്ചതിന് ശേഷം അവശേഷിക്കുന്ന പ്രവൃത്തികൾ മറ്റൊരാൾക്ക് ഉപകരാർ നൽകുകയായിരുന്നു. നിർമ്മാണം പൂർത്തീകരിച്ച് ഏഴ് വർഷങ്ങൾക്ക് മുമ്പ് പാത പൊതുജനങ്ങൾക്ക് തുറന്നു നൽകി. എന്നാൽ നിർമ്മാണത്തിലെ അപാകതകൾ അടിപ്പാതയിൽ വെള്ളക്കെട്ടിന് കാരണമായി. ഇതേ തുടർന്ന് അടിപ്പാതയോട് ചേർന്ന് കിണർ കുഴിച്ച് വെള്ളം അതിലേക്ക് ഒഴുകിപ്പോകുന്ന തരത്തിൽ സജ്ജീകരിക്കുകയായിരുന്നു.
അടിപ്പാതയ്ക്ക് പുറമേ സമീപ പ്രദേശത്തുനിന്നുള്ള വെള്ളവും കിണറിലേക്കെത്തുന്നത് വെള്ളക്കെട്ടിന് ഇടയാക്കുന്നത്. സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്യാതെ കിണർ നിർമ്മിച്ചതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്നാണ് ആരോപണം. നഗരസഭയും രാഷ്ട്രീയപാർട്ടികളും കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാറാണ് പതിവ്.
അടിപ്പാതയിൽ വെള്ളം നിറയുമ്പോൾ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ മറുപുറം കടക്കാനായി റെയിൽപ്പാളം മുറിച്ചു കടക്കുകയാണ് പതിവ്. ഇവിടെ പാലം മുറിച്ചു കടക്കുന്നത് ഏറെ അപകടകരമാണ്. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന ഭാഗം വളവു കഴിഞ്ഞ ഉടനെയായതിനാൽ ട്രെയിൻ വരുന്നതു പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. കിഴക്ക് റെയിൽ പാളം മുറിച്ചു കടക്കാൻ ഉപയോഗിക്കുന്നതിന് അടുത്ത് കെ.എസ്.ഇ.ബിയുടെ രണ്ടു വൈദ്യുതി പോസ്റ്റുകൾ ഉള്ളതും വിനയാണ്.
അടിപ്പാതയ്ക്ക് തൊട്ടടുത്താണു കോതമംഗലം ഗവഎൽപി സ്കൂൾ, കൊയിലാണ്ടി നഗരസഭാ കാര്യാലയം, കോതമംഗലം അയ്യപ്പ ക്ഷേത്രം ഉൾപ്പെടെയുള്ളവ. കുട്ടികളും പ്രായമായവരും റെയിൽവേ ട്രാക്കു കടന്നുവേണം ഇവിടെയെത്താൻ. ഇപ്പോൾ വൈദ്യുത എൻജിനുകളായതോടെ ട്രെയിനിനു ശബ്ദവും കുറവായത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
ചെറുവാഹനങ്ങൾക്കും കാൽനടക്കാർക്കും വേണ്ടി നിർമ്മിച്ച പാത വേനൽക്കാലത്ത് മാത്രം ഉപയോഗിക്കാൻ ഉള്ള അടിപാത മാത്രമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വെള്ളം കെട്ടിക്കിടക്കുന്നതിന് സ്ഥിരമായ പരിഹാരം കണ്ടെത്തി അടിപ്പാത ഉപയോഗ യോഗ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.