കൊയിലാണ്ടിയില്‍ നിന്ന് ബാലുശ്ശേരിയിലേക്ക് ലോറിയുമായി മരണപ്പാച്ചില്‍; കൊയിലാണ്ടി എസ്.ഐ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു; ഒടുവില്‍ പൊലീസ് പിടിയില്‍
ബാലുശ്ശേരി: കൊയിലാണ്ടിയില്‍ നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് അപകടകരമായി ഓടിച്ച ലോറിയും ഡ്രൈവറും ഒടുവില്‍ പൊലീസിന്റെ പിടിയിലായി. KL-11-AZ-2503 നമ്പറിലുള്ള ‘പ്രവാസി’ ലോറിയാണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. മരണപ്പാച്ചില്‍ പാഞ്ഞ ലോറി നിരവധി പേരെ ഇടിച്ച് പരിക്കേല്‍പ്പിച്ചു.
അപകടങ്ങളുണ്ടാക്കിക്കൊണ്ട് അമിതവേഗത്തില്‍ പോകുന്ന ലോറി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് ബാലുശ്ശേരി പൊലീസിനെ വിവരം അറിയിച്ചത്. വട്ടോളിയില്‍ വച്ചാണ് പൊലീസ് ലോറി പിടികൂടിയത്. ലോറി ഓടിച്ച കോരങ്ങാട് വട്ടകൊരുന്നില് ഹുനൈഫിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യപിച്ചാണ് ലോറി ഓടിച്ചതെന്നാണ് വിവരം.
കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ഹൈവേ പൊലീസ് എസ്.ഐ രവീന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ക്ക് ലോറിയുടെ മരണപ്പാച്ചിലില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായി.
വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വാഹനങ്ങളെ ഉള്‍പ്പെടെ ഇടിച്ച് തെറിപ്പിക്കുകയും നിരവധി പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ലോറി അടിച്ചുതകര്‍ത്തു. രാത്രി വൈകിയും നൂറുകണക്കിന് ആളുകളാണ് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ തടിച്ചു കൂടിയത്.
ലോറിയുടെ അമിതവേഗത്തിലുള്ള മരണപ്പാച്ചിലിന്റെയും ലോറി ഓടിച്ച ഹുനൈഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.