വഴിയില്‍ നിന്നും കിട്ടിയത് പണവും രേഖകളും അടങ്ങിയ ബാഗ്; ഉടമയെ തിരഞ്ഞുപിടിച്ച് ബാഗ് ഭദ്രമായി തിരികെ ഏല്‍പ്പിച്ച് മാതൃകകാട്ടി നടുവണ്ണൂര്‍ സ്വദേശി ബാലകൃഷ്ണന്‍


നടുവണ്ണൂര്‍: കളഞ്ഞുകിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് ഉടമയെ ഭദ്രമായി തിരികെ ഏല്‍പ്പിച്ച് നടുവണ്ണൂര്‍ സ്വദേശി ബാലകൃഷണന്‍. വഴിയില്‍കിടന്ന ബാഗ് കിട്ടിയ നടുവണ്ണൂര്‍ താനക്കണ്ടി ബാലകൃഷ്ണന്‍ ഉടനെ തന്നെ സമീപത്തെ ബേക്കറിയില്‍ ഏല്‍പ്പിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി. റിട്ടയേര്‍ഡ് ജീവനക്കാരനാണ് ബാലകൃഷ്ണന്‍.

നടുവണ്ണൂര്‍ വാകയാട് റോഡിലൂടെ ടൂവീലറില്‍ യാത്ര ചെയ്യുമ്പോഴാണ് കാവില്‍ കടുക്കാം കുഴിയില്‍ ഹസ്‌നയുടെ ബാഗ് നഷ്ടമായത്. പണം, എ.ടി.എം കാര്‍ഡ്, പാന്‍കാര്‍ഡ്, ആധാര്‍ ബാങ്ക് രേഖകള്‍ എന്നിവ അടങ്ങിയ ബാഗില്‍ നിന്നും ഫോണ്‍ നമ്പര്‍ തെരഞ്ഞുപിടിച്ച് ബി. ഫ്രഷ് ബേക്കറി ഉടമകള്‍ ഇവരെ വിവരം അറിയിക്കുകയായിരുന്നു.

ഉടനെ ഹസ്‌ന സ്ഥലത്തെത്തി ബാഗ് തിരികെ ഏറ്റുവാങ്ങി. പെരുന്നാള്‍ ദിനത്തില്‍ കളഞ്ഞുപോയ ബാഗ് തിരികെ കിട്ടിയ സന്തോഷത്തിലാണ് ഹസ്‌ന. സമയോചിതമായി ഇടപെട്ട് മാതൃക കാണിച്ച ബാലകൃഷ്ണനും ബേക്കറി ജീവനക്കാരെയും നന്ദി രേഖപ്പെടുത്തിയാണ് ഹസ്‌ന മടങ്ങിയത്.