40 അടിയിലേറെ ആഴം, പാറ പൊട്ടിച്ച് നിർമ്മിച്ച കിണറിൽ വഴുക്കലും; പുളിയഞ്ചേരിയിൽ കിണറ്റിൽ വീണ ആടുകളെ യുവാക്കൾ രക്ഷിച്ചത് സാഹസികമായി (വീഡിയോ കാണാം)
കൊയിലാണ്ടി: പുളിയഞ്ചേരിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടികളെ പ്രദേശത്തെ യുവാക്കൾ രക്ഷപ്പെടുത്തിയത് സാഹസികമായി. 40 അടിയിലേറെ ആഴമുള്ള കിണറിൽ ഇറങ്ങുക എന്നത് എളുപ്പമായിരുന്നില്ല. സാധാരണ കിണറുകളിൽ നിന്ന് വ്യത്യസ്തമായി പാറ പൊട്ടിച്ചുണ്ടാക്കിയ കിണറായതിനാൽ കാലു കുത്തുന്നിടത്തെല്ലാം വഴുക്കലുമാണ്. ഈ കിണറിലാണ് ഡി.വൈ.എഫ്.ഐ ആനക്കുളം മേഖലാ സെക്രട്ടറി ജിജു .കെ.പി ഇറങ്ങി ആട്ടിന്‍കുട്ടികളെ രക്ഷിച്ചത്.
തിരുമംഗലത്തെ രാജന്റെ ആട്ടിന്‍കുട്ടികളാണ് അടുത്ത വീട്ടിലെ കിണറില്‍ വീണത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ആട്ടിന്‍കുട്ടികള്‍ കിണറില്‍ വീണത് കണ്ട വീട്ടുടമ സമീപത്തെ വായനശാലയില്‍ ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടര്‍ന്നാണ് ഇവരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായ നന്ദകുമാർ കെ.ടി, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അരുൺ ലാൽ, ആകാശ് കെ.ടി, വിഷ്ണു എന്നിവർ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ആട്ടിൻകുട്ടികളെ രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.