പഴയ കെട്ടിടം ദേശീയപാതാ വികസനത്തിനായി പൊളിച്ചത് കഴിഞ്ഞ വര്‍ഷം, പുതിയ ഇരുനിലക്കെട്ടിടം നിര്‍മ്മിച്ചത് എഴുപത് ലക്ഷം രൂപ ചെലവില്‍; അയനിക്കാട് എ.എം.എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ
പയ്യോളി: ദേശീയപാതാ വികസനത്തിനായി പൊളിച്ച പഴയ കെട്ടിടത്തിന് പകരമായി അയനിക്കാട് എ.എം.എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതരയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുക. കെട്ടിടോദ്ഘാടനത്തിനൊപ്പം യാത്രയയപ്പ് സമ്മേളനവും നാളെ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അയനിക്കാട് എ.എം.എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയാവും. കെ.മുരളീധരന്‍ എം.പിയാണ് മുഖ്യാതിഥി. കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വടക്കയില്‍ ഷഫീഖ് നിര്‍വ്വഹിക്കും. ഈ വര്‍ഷം വിരമിക്കുന്ന പ്രധാനാധ്യാപിക കെ.കെ.ഉഷയ്ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കും.
കഴിഞ്ഞ വര്‍ഷമാണ് സ്‌കൂളിന്റെ കെട്ടിടം ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ച് നീക്കിയത്. ഇതിന് ശേഷമാണ് വിപുലമായ സൗകര്യങ്ങളുള്ള പുതിയ ഇരുനില കെട്ടിടം എഴുപത് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചത്.
പ്രധാനാധ്യാപിക കെ.കെ.ഉഷ, പി.ടി.എ പ്രസിഡന്റ് ഹാജറാ ശിഹാബ്, പയ്യോളി നഗരസഭാംഗം അന്‍വര്‍ കായിരിക്കണ്ടി, ഇഖ്ബാല്‍ കായിരിക്കണ്ടി, ശ്രീധരന്‍, മുകുന്ദന്‍ എന്നിവര്‍ പയ്യോളി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.