സംസ്ഥാന സ്‌പെഷ്യല്‍ ഒളിമ്പിക്‌സിനെക്കുറിച്ച് ബോധവത്കരണം ലക്ഷ്യം; കൊയിലാണ്ടിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും അണിചേര്‍ന്ന വിളംബര ജാഥ
കൊയിലാണ്ടി: 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ കോഴിക്കോട് വെച്ച് നടക്കാനിരിക്കുന്ന സംസ്ഥാന സ്പെഷ്യല്‍ ഒളിമ്പിക്സിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി നെസ്റ്റ് (നിയാര്‍ക്ക്) സ്‌പെഷ്യല്‍ സ്‌കൂള്‍ കൊയിലാണ്ടി, അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍ ചേമഞ്ചേരി, സൗഹൃദ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ കൊയിലാണ്ടി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം 3.30ന് നെസ്റ്റ് കൊയിലാണ്ടിയില്‍ നിന്ന് ആരംഭിച്ച് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ച റാലി കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു.
വിദ്യാര്‍ത്ഥികളും അധ്യാപകരും അനുഭാവികളും ഉള്‍പ്പെടെ ഇരുന്നൂരില്‍ പരം പേര്‍ വിളംബര ജാഥയില്‍ പങ്കുചേര്‍ന്നു. ഭിന്നശേഷി മേഖലയില്‍ പൊതുജനങ്ങളുടെ അവബോധം വളര്‍ത്തിയെടുക്കല്‍ ലക്ഷ്യമിട്ടുള്ള റാലിക്ക് ശേഷം നടന്ന ഒത്തുചേരലില്‍ അശ്വതി.കെ സ്വാഗതം പറഞ്ഞു. നെസ്റ്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് യൂനുസ് ടി.കെ അധ്യക്ഷത വഹിച്ചു. അഭയം ജനറല്‍ സെക്രട്ടറി സത്യനാഥന്‍ മാടഞ്ചേരി, കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍, സൗഹൃദ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പി.ടി.എ പ്രസിഡന്റ് ഗിരീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നെസ്റ്റ് സ്‌പെഷല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മനീഷ നന്ദി രേഖപ്പെടുത്തി.
അബ്ദുള്ള കരുവാഞ്ചേരി, ബഷീര്‍.ടി.പി, സാലി ബാത്ത, സൈന്‍ ബാഫഖി, വട്ടക്കണ്ടി കൃഷ്ണന്‍, ശശി കോളത്തു, സുരേഷ് കുമാര്‍, ബിത എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി. ഭിന്നശേഷിക്കാരായ വ്യക്തികളെ ഉള്‍ക്കൊള്ളാനും ശാക്തീകരിക്കാനും, പ്രാദേശിക സമൂഹത്തില്‍ നിന്ന് പിന്തുണ നേടിയെടുക്കാനും വരാനിരിക്കുന്ന സംസ്ഥാന സ്പെഷ്യല്‍ ഒളിമ്പിക്സിന് ഊര്‍ജം പകരാനും, ഭിന്നശേഷികാരെ ഉള്‍കൊള്ളാന്‍ സമൂഹം തയ്യാറാകണമെന്നും റാലി ആഹ്വാനം ചെയ്തു.