കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്നത് ഒഴിവാക്കാം, ഇ ഹെല്‍ത്ത് കാര്‍ഡിനുവേണ്ടി രജിസ്റ്റര്‍ ചെയ്യാം ഈ ലിങ്കിലൂടെ


കൊയിലാണ്ടി: ഇ ഹെല്‍ത്ത് പദ്ധതിയിലേക്ക് മാറാനുള്ള ഒരുക്കങ്ങള്‍ക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടക്കമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഹെല്‍ത്ത് കാര്‍ഡിനുവേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുകയാണ്. https://ehealth.kerala.gov.in/portal/aadhar-otp ഈ ലിങ്കിലൂടെ ഹെല്‍ത്ത് കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഹെല്‍ത്ത് കാര്‍ഡ് ലഭിച്ചവര്‍ക്ക് ആശുപത്രിയിലേക്ക് പോകുമ്പോള്‍ ഈ കാര്‍ഡ് കയ്യില്‍ കരുതിയാല്‍ മതി. ഒ.പി ശീട്ടെടുക്കാനുള്ള ക്യൂവില്‍ പേരും വിലാസവും ഫോണ്‍ നമ്പറും എല്ലാം പറയുന്ന സമയം ലാഭം കിട്ടും. കാര്‍ഡ് നല്‍കിയാല്‍ ഉടന്‍ ഒ.പി ശീട്ട് പ്രിന്റ് ചെയ്ത് കിട്ടുകയും ചെയ്യും.

ജനുവരി ഒന്നുമുതല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ പൂര്‍ണമായും കടലാസ് രഹിത ആശുപത്രിയാക്കാനും ഇ-ഹെല്‍ത്ത് പദ്ധതിയിലേക്ക് മാറാനുമാണ് ലക്ഷ്യമിടുന്നത്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ ആശുപത്രിയിലും സൗകര്യമുണ്ട്. ഇതിനായി ഉപഭോക്താക്കള്‍ ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും കയ്യില്‍ കരുതിയാല്‍ മതി.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കൂടുതല്‍ വേഗത്തില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-ഹെല്‍ത്ത് പദ്ധതി. രോഗിള്‍ക്ക് ലഭിക്കുന്ന ഹെല്‍ത്ത് കാര്‍ഡ് വഴി ഭാവിയില്‍ നേരത്തെ ബുക്ക് ചെയ്യാനും, ഡോക്ടര്‍മാര്‍ക്ക് കമ്പ്യൂട്ടറില്‍ രോഗിയെ സംബന്ധിച്ച വിവരങ്ങളും, മുമ്പ് ചികിത്സ നേടിയ കാര്യങ്ങളും, കഴിച്ച മരുന്നുള്‍പ്പെടെയുള്ള വിവരങ്ങളും ഇതുവഴി ലഭ്യമാകും. ഇത് കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കാന്‍ സഹായിക്കും. ഇതിന്റെ ആദ്യഘട്ടമായാണ് രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത്.