പണമടങ്ങിയ ബാഗ് ഓട്ടോയില്‍ വെച്ചു മറന്നു; ഉടമസ്ഥരെ കണ്ടെത്തി ബാഗ് തിരിച്ചേല്‍പ്പിച്ച് മാതൃകയായി കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവര്‍ സുരേഷ്


കൊയിലാണ്ടി: യാത്രക്കിടയില്‍ വാഹനത്തില്‍ പലതും നമ്മള്‍ വെച്ചുമറക്കാറുണ്ട്. ഇവയില്‍ ചിലത് നമുക്ക് തിരിച്ച് കിട്ടാറുമുണ്ട്. അത്തരത്തില്‍ തന്റെ വാഹനത്തില്‍ മറന്നുവെച്ച പണമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് മാതൃകയായിരിക്കുകയാണ് കൊയിലാണ്ടി കണയന്‍ങ്കോട് സ്വദേശി സുരേഷ് ഓട്ടോയില്‍ യാത്ര ചെയ്ത ലക്ഷദ്വീപ് സ്വദേശിയായ മുസമ്മിലിനോടാണ് ബാഗ് വെച്ച് മറന്നുപോയത്. ഇന്നലെയാണ് സംഭവം.

കെയിലാണ്ടി ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് സുരേഷ്. ഇന്നലെ ഇന്നലെ രാത്രി ഏഴ് മണിക്ക് കുട്ടികളുള്‍പ്പെടെയുള്ള സംഘം താമരശ്ശേരിക്ക് ഓട്ടം വിളിക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ ഇവരെ വീട്ടിലാക്കി തിരിച്ച് നാട്ടിലെത്തി. അപ്പോഴും ഓട്ടോയില്‍ യാത്രക്കാര്‍ ബാഗ് വെച്ച് മറന്നത് സുരേഷിന്റെ ശ്രദ്ധയില്‍പെട്ടിലായിരുന്നു. രാവിലെ സാധനം വാങ്ങി ഓട്ടോയുടെ പുറകില്‍ വെക്കാന്‍ ശ്രമിച്ചപ്പോഴാണ് ബാഗ് കാണുന്നതെന്ന് സുരേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ വിവരമറിയക്കുകയായിരുന്നു. സുരേഷ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടമസ്ഥരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. അതിനിടയില്‍ ഉടമസ്ഥര്‍ ബാഗന്വേഷിച്ച് കൊയിലാണ്ടിയിലെത്തിയിരുന്നു.

മൂന്ന് ബാഗി വണ്ടിയിലുണ്ടെന്നല്ലാതെ അതില്‍ പണമുണ്ടെന്നുള്ള കാര്യം ഉടമസ്ഥര്‍ പറയുമ്പോഴാണ് അറിയുന്നതെന്നും സുരേഷ് പറഞ്ഞു. 26 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന ആളാണ് സുരേഷ്. ഇതിനിടയില്‍ വാഹനത്തില്‍ പലരും സാധനങ്ങള്‍ മറന്നുവെച്ചിട്ടുണ്ടെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും സുരേഷ് പറഞ്ഞു. കൊയിലാണ്ടി എസ്.ഐ. പ്രീഥീ രാജിന്റെ സാന്നിധ്യത്തില്‍ ബാഗ് മുസമ്മിലിന് കൈമാറുകയായിരുന്നു.