തിരുവങ്ങൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ബാറ്ററി മോഷണം പോയി
തിരുവങ്ങൂര്‍: വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ബാറ്ററി മോഷണം പോയതായി പരാതി. ഓട്ടോ ഡ്രൈവര്‍ കാഞ്ഞിരക്കണ്ടി രവീന്ദ്രന്റെ ഓട്ടോയില്‍ നിന്നാണ് ബാറ്ററി മോഷണം പോയത്. വെറ്റിലപ്പാറയിലെ വീട്ടില്‍ പതിവുപോലെ നിര്‍ത്തിയിട്ടതായിരുന്നു.
ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടില്‍ സ്ഥിരമായി നിര്‍ത്തിടാറുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതാണ്. പിറ്റേന്ന് രാവിലെയാണ് ബാറ്ററി മോഷ്ടിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും മോഷ്ടാവിനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
തിരുവങ്ങൂര്‍ വെറ്റിലപ്പാറ, അണ്ടിക്കമ്പനി ഭാഗത്ത് ഓട്ടോറിക്ഷകളില്‍ നിന്നും ബാറ്ററി മോഷണം പോകുന്നത് പതിവ് സംഭവമായി മാറുകയാണെന്നാണ് രവീന്ദ്രന്‍ പറയുന്നത്. നേരത്തെയും പല ഓട്ടോറിക്ഷകളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് പരാതികള്‍ നല്‍കിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
നേരത്തെ ഈ സംഭവവുമായി ബന്ധപ്പെട്ട് ജുവനൈലായ ഒരു പ്രതിയെ പിടികൂടിയിരുന്നെന്നും പുതിയ മോഷണ സംഭവങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൊയിലാണ്ടി പൊലീസ് പറഞ്ഞു.
രവീന്ദ്രന്റെ ഏക വരുമാനമാര്‍ഗമാണ് ഈ ഓട്ടോറിക്ഷ. ആറായിരം രൂപയോളം ചെലവാക്കിയാലേ പുതിയ ബാറ്ററി വാങ്ങിക്കാനാവൂ. തല്‍ക്കാലത്തേക്ക് പഴയ ബാറ്ററി വാങ്ങി ഓട്ടോറിക്ഷ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് താനെന്നും രവീന്ദ്രന്‍ പറഞ്ഞു.