കോരപ്പുഴ ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂളിലേക്കുള്ള റെയില്‍വേ വഴി അടയ്ക്കാന്‍ അധികൃതരുടെ നീക്കം; ശക്തമായി പ്രതിഷേധിച്ച് അധ്യാപകരും നാട്ടുകാരും
കൊയിലാണ്ടി: കോരപ്പുഴ ഗവണ്‍മെന്റ് ഫിഷറീസ് യുപി സ്‌കൂളിലേക്കുള്ള വഴി റെയില്‍വേ അടയ്ക്കുക്കുവാന്‍ നീക്കം. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി നാട്ടുകാരും അധ്യാപകരും.
ഇന്ന് രാവിലെയാണ് സ്‌കൂളിലേക്ക് ഏക മാര്‍ഗമായ വഴിയുടെ കോണിപ്പടികള്‍ പൊളിച്ച് മാറ്റുന്നതിനായി റെയില്‍വേ ജീവനക്കാര്‍ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് നാട്ടുകാരും വിദ്യാര്‍ത്ഥികളും അധ്യാപകരും പഞ്ചായത്ത് അധികൃതരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
തുടര്‍ന്ന് വഴി പൊളിച്ച് മാറ്റുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിദ്യാര്‍ഥികളും നാട്ടുകാരും ഇത്രയും കാലമായി ഉപയോഗിച്ചിരുന്ന വഴിയാണ് റെയില്‍വേ അടയ്ക്കാനുള്ള ശ്രമം നടത്തിയത്. നൂറിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളും റെയില്‍വേ ലൈന്‍ കടന്നാണ് വിദ്യാലയത്തിലേക്ക് എത്തുന്നത്.
ഈ വഴി അടയ്ക്കുന്നതോടെ സ്‌കൂളില്‍ കുട്ടികള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത അവസ്ഥ വന്നുചേരും. ബദല്‍ മാര്‍ഗമായി കാട്ടിലെപ്പീടിക വഴി കുറേ ദൂരം സഞ്ചരിച്ചാണ് സ്‌കൂളിലേക്ക് എത്തിച്ചേരാന്‍ കഴിയൂ. ബദല്‍ സംവിധാനം ഒരുക്കാതെ നിലവിലുള്ള വഴി അടയ്ക്കാനുള്ള റെയില്‍വേ നീക്കത്തില്‍ പ്രതിഷേധം ശക്തമാണ്. സ്‌കൂളിനോട് ചേര്‍ന്നുള്ള വഴിയില്‍ അണ്ടര്‍ പാസ്സ് നിര്‍മ്മിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമാര്‍ഗ്ഗം.
ഇന്നലെയാണ് വഴി പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് സ്‌കൂള്‍ ഹെഡ് ടീച്ചര്‍ക്ക് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കിയത്. പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയില്‍
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനി സുരേഷ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സന്ധ്യ ഷിബു, രാജലക്ഷമി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ റെയില്‍വേ ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതു വരെ നിലവിലുള്ള വഴി അടയ്ക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി റെയില്‍വേ അണ്ടര്‍ പാസ് നിര്‍മ്മിക്കണമെന്നും ജനനേതാക്കള്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ജനകീയ കമ്മിറ്റി രൂപീകരിച്ച് എം.പി ക്ക് പരാതി നല്‍കുന്നതടക്കമുളള പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനമെന്ന് സതി കിഴക്കെയില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.