നന്തിയില്‍ വീണ്ടും വഗാഡിന്റെ തോന്നിവാസം; കക്കൂസ് മാലിന്യം ഒഴുക്കിവിടാന്‍ ശ്രമിച്ചത് കയ്യോടെ പിടികൂടി ഡി.വൈ.എഫ്.ഐ, വഗാഡ് ഓഫീസിലേക്ക് മാലിന്യം തിരിച്ച് തള്ളി പ്രവര്‍ത്തകര്‍


നന്തി ബസാര്‍: നന്തി ടൗണിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിടാന്‍ വീണ്ടും ശ്രമം. മാലിന്യം തള്ളാന്‍ കൊണ്ടുവന്ന ടാങ്കര്‍ ലോറി തടഞ്ഞ് നന്തി മേഖല ഡി,വൈ,എഫ്,ഐ പ്രവര്‍ത്തകര്‍. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.

നന്തി ടൗണിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടു വന്ന മാലിന്യം ഒഴുക്കിവിടാന്‍ ശ്രമിക്കവെ ദുര്‍ഗന്ധം ശ്രദ്ധിയില്‍പ്പെട്ടപ്പോള്‍ ഡി.വൈ.എഫ് എ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു.

നാട്ടുകാര്‍ തടിച്ചുകൂടിയപ്പോള്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡി.വൈ എഫ്.ഐ പ്രവര്‍ത്തകര്‍ ലോറി ലേബര്‍ ഓഫീസിലേക്ക് തിരിച്ചു കൊണ്ടുപോയി മാലിന്യം ഒഴുക്കിവിട്ട് പ്രതിഷേധിച്ചു.

പോലീസ് സ്ഥലത്തെത്തി ടാങ്കര്‍ ലോറി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നന്തി ടൗണിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിനിടുന്നത് നിരന്തരമായി പരാതി ഉയര്‍ന്നിരുന്നു. മാലിന്യം ഒഴുക്കിവിടുന്നതു കാരണം സമീപത്തെ വീടുകളിലെ കിണറുകളിലെ വെളളവും മാലിന്യമാവുന്നുണ്ടെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ജനവാസ മേഖലകളില്‍ ആയിരുന്നു മാലിന്യം തളളിയിരുന്നത്. എന്നാല്‍ ഇന്നലെ റോഡരികിലാണ് മാലിന്യം തളളാന്‍ ശ്രമിച്ചത്.

ഡി.വൈ.എഫ്.ഐ നന്തിമേഖല ഭാരവാഹികളായ ജിഷ്ണു,നിയാസ്. ഹരികൃഷ്ണന്‍, ആര്‍.പി.കെ രാജീവന്‍,  എ.കെ ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.