കോഴിക്കോട് സെയില്‍ ടാക്സ് ഓഫീസര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമം; പ്രതി പിടിയില്‍


കോഴിക്കോട്: സെയില്‍ ടാക്‌സ് ഓഫീസര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലാപ്പറമ്പ് പാച്ചാക്ക് മുള്ളന്‍ കുഴിയില്‍ ഇ.സുനി (55) നെയാണ് പാളയം ലോഡ്ജില്‍ നിന്നു നടക്കാവ് ഇന്‍സ്‌പെക്ടര്‍ എം.ജെ. ജീജോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മാവൂര്‍ റോഡിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ എത്തി മാനേജരെ കാണാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ചാരിറ്റി ട്രസ്റ്റിനായി പണം ആവശ്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ മാനേജര്‍ വിവരം പൊലീസിനെ അറിയിച്ചു. ഇതോടെ പ്രതി ഹോട്ടലില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പാളയത്തെ ലോഡ്ജില്‍ നിന്നു പിടികൂടി. ഇതിനു മുന്‍പും ഇയാള്‍ ഭീഷണിപ്പെടുത്തി പലരില്‍ നിന്നും പണം തട്ടിയതിന് കസബ, ഫറോക്ക് പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ടെന്നും ജയില്‍വാസം അനുഭവിച്ചിട്ടുണ്ടന്നും പൊലീസ് പറഞ്ഞു.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനുമോഹന്‍, കെ. ശശികുമാര്‍, എം.വി. ശ്രീകാന്ത്, എ.വി. രശ്മി, ജുനൈസ്, അജീഷ് പിലാശ്ശേരി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.