എ.ടി.എമ്മില്‍ നിറയ്ക്കാനുളള പണം കവര്‍ന്ന സംഭവം; പണം കൈകാര്യം ചെയ്തത് താഹ, നഷ്ടപ്പെട്ട മുഴുവന്‍ തുകയും കണ്ടെത്താന്‍ പൊലീസ്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ എ.ടി.എമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ പണവും കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുന്നു. പണം കണ്ടെത്താനായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കും.

72.40ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് ഇ്ത്യാ വണ്‍ എ.ടി.എം മാനേജര്‍ പൊലീസിനെ അറിയിച്ചത്. ഇതില്‍ 37ലക്ഷം കവര്‍ച്ചയുടെ മുഖ്യ സൂത്രധാരനായ താഹയില്‍ നിന്നും കണ്ടെടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ ഇയാള്‍ വില്ല്യാപ്പള്ളി സ്വദേശിയ്ക്ക് കടംവീട്ടിയതും കണ്ടെടുത്തിരുന്നു. തിക്കോടിയിലെ സ്വകാര്യ ബാങ്കില്‍ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കുന്നതിനായി അഞ്ചുലക്ഷം രൂപ നല്‍കിയെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ കിട്ടിയതിനുശേഷമേ ഈ തുക തിരിച്ചെടുക്കാന്‍ കഴിയൂ. ഇയാള്‍ ഈ തുകയില്‍ നിന്നും മറ്റുപലര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയില്‍വിട്ടുകിട്ടിയാലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ.

താഹയ്ക്ക് പുറമേ പയ്യോളി സ്വദേശിയും എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന ജീവനക്കാരനുമായ സുഹൈല്‍, വിദ്യാര്‍ഥിയും തിക്കോടി സ്വദേശിയുമായ യാസീര്‍ എന്നിവരാണ് റിമാന്‍ഡിലുള്ളത്. സി.ഐ.ശ്രീലാല്‍ ചന്ദ്രശേഖരന്, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ്.ജിതേഷ്, കെ.പി.ഗിരീഷ്, പി.മനോജ് കുമാര്‍, മനോജ് കുമാര്‍ രാമത്ത്, എ.എസ്.ഐമാരായ വി.സി.ബിനീഷ്, ഷാജി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷോബിത്ത്, വിജു വാണിയംകും, സതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.